കോഹിനൂര്‍ മില്‍ കേസില്‍ രാജ് താക്കറെയ്ക്ക് ഇഡി സമന്‍സ്

നാളെ രാവിലെ 11ന് ചോദ്യംചെയ്യലിനു എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാവണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. നിര്‍മാണ കമ്പനിയായ കോഹിനൂര്‍ സിടിഎന്‍എലില്‍, ഐഎല്‍ ആന്റ് എഫ്എസ് ഗ്രൂപ്പിന്റെ അനധികൃത നിക്ഷേപത്തെക്കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

Update: 2019-08-21 14:46 GMT

മുംബൈ: കോഹിനൂര്‍ മില്‍ കേസില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) തലവന്‍ രാജ് താക്കറേയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ് സമന്‍സ് അയച്ചു. നാളെ രാവിലെ 11ന് ചോദ്യംചെയ്യലിനു എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാവണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. നിര്‍മാണ കമ്പനിയായ കോഹിനൂര്‍ സിടിഎന്‍എലില്‍, ഐഎല്‍ ആന്റ് എഫ്എസ് ഗ്രൂപ്പിന്റെ അനധികൃത നിക്ഷേപത്തെക്കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. അതേസമയം, രാജ് താക്കറെയ്ക്ക് പിന്തുണയുമായി സഹോദരനും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ രംഗത്തെത്തി.

രാജ് താക്കറെയ്‌ക്കെതിരേ അന്വേഷണം നടത്തിയാല്‍ എന്‍ഫോഴ്‌സ്‌മെന്റിന് യാതൊരു പ്രയോജനവും ലഭിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. രാജ് താക്കറെയ്‌ക്കെതിരായ നീക്കം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എംഎന്‍എസ് ആരോപിച്ചു. രാജ് താക്കറെയ്ക്ക് നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി എംഎന്‍എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ബന്ദിന് ആഹ്വാനം ചെയ്ത എംഎന്‍എസ് പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിന്‍വലിച്ചെങ്കിലും നാളെ ഇ ഡി ഓഫിസിന് മുന്നില്‍ പ്രതിഷേധം നടത്തുമെന്നറിയിച്ചിട്ടുണ്ട്. എന്‍എന്‍എസ് പ്രവര്‍ത്തകരോട് പത്തുമണിക്ക് ഇഡി ഓഫിസിനു മുന്നിലെത്തണമെന്നും നിശബ്ദമായി പ്രതിഷേധം നടത്തണമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു. 

Tags:    

Similar News