ഭോപ്പാലില്‍ ദീപാവലി ആഘോഷത്തിനിടെ 'കാല്‍സ്യം കാര്‍ബൈഡ് തോക്ക് പൊട്ടിത്തെറിച്ച് 60 പേര്‍ക്ക് പരിക്ക്; നിരവധി കുട്ടികളുടെ കാഴ്ച നഷ്ടപ്പെട്ടു
ഭോപ്പാല്‍: ദീപാവലി ആഘോഷത്തിനിടെ കാല്‍സ്യം കാര്‍ബൈഡ് പടക്കം പൊട്ടിത്തെറിച്ച് ഭോപ്പാലില്‍ 60-ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും 8 മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികളാണ്. ഇവര്‍ കാല്‍സ്യം കാര്‍ബൈഡ് തോക്കുകള്‍ ഉപയോഗിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 60-ഓളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജീവന്‍ അപകടത്തിലല്ലെങ്കിലും, ചിലര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്, ചിലര്‍ക്കു മുഖത്തും കണ്ണിനും പൊള്ളലേറ്റിട്ടുണ്ട്,''-ഭോപ്പാലിലെ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. മണീഷ് ശര്‍മ്മ പറഞ്ഞു.
ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഭോപ്പാലില്‍ 150-ലധികം കാര്‍ബൈഡ് തോക്ക് പരിക്കുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പലര്‍ക്കും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഡിസ്ചാര്‍ജ്ജ് ലഭിച്ചെങ്കിലും, നിരവധി കുട്ടികള്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. ഭോപ്പാലില്‍ 12 വയസ്സുകാരന്റെ കാഴ്ച പുനഃസ്ഥാപിക്കാന്‍ ശ്രമം തുടരുകയാണ്. ഹമീദിയ ആശുപത്രിയില്‍ 10 കുട്ടികള്‍ ചികിത്സയിലാണ്. അനധികൃതമായി കാര്‍ബൈഡ് തോക്കുകള്‍ നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതും തടയാന്‍ ജില്ലാ ഭരണകൂടം കര്‍ശന നടപടി ആരംഭിച്ചിട്ടുണ്ട്്.
മുഖ്യമന്ത്രി മോഹന്‍ യാദവ്, ഒക്ടോബര്‍ 18-ന് ജില്ലാ മജിസ്ട്രേറ്റുമാരോടും പോലിസ് ഉദ്യോഗസ്ഥരോടും ഇത്തരം ഉപകരണങ്ങളുടെ വില്‍പ്പന തടയാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എങ്കിലും, ആ നിര്‍ദേശങ്ങള്‍ക്കു ശേഷവും ഇത്തരം തോക്കുകള്‍ വിപണിയില്‍ വ്യാപകമായി വിറ്റതായി റിപോര്‍ട്ടുകള്‍ പറയുന്നു.
