ഞങ്ങളുടെ വോട്ടര്‍മാരെല്ലാം അവധി ആഘോഷത്തില്‍; ഹരിയാനയിലെ തോല്‍വിയ്ക്ക് വിചിത്രകാരണം നിരത്തി ബിജെപി നേതാവ്

പലരും അവധി ആഘോഷിക്കാനായി ദീര്‍ഘദൂര യാത്രകളിലാണുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. നിര്‍ഭാഗ്യവശാല്‍ ബിജെപിയുടെ വോട്ടുബാങ്കായവരില്‍ പലരും ഇത്തരത്തില്‍ അവധി ആഘോഷിക്കാന്‍ പോയിരിക്കുകയാണ്. അവരാരും വോട്ടുചെയ്യാനെത്തിയില്ല.

Update: 2020-12-31 15:10 GMT

ഛണ്ഡീഗഢ്: ഹരിയാനയില്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് വിചിത്രകാരണം നിരത്തി ബിജെപി നേതാവ് സഞ്ജയ് ശര്‍മ. വോട്ടര്‍മാരില്‍ പലരും അവധി ആഘോഷിക്കാനായി പല സ്ഥലങ്ങളിലേക്ക് പോയതാണ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടാനുള്ള ഒരു കാരണമെന്ന് സഞ്ജയ് ശര്‍മ വിശദീകരിച്ചു. ഡിസംബര്‍ 25,26,27 തിയ്യതികള്‍ അവധി ദിവസങ്ങളാണ്.

ഡിസംബര്‍ വര്‍ഷത്തിന്റെ അവസാന മാസം കൂടിയാണ്. അതുകൊണ്ട് പലരും അവധി ആഘോഷിക്കാനായി ദീര്‍ഘദൂര യാത്രകളിലാണുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. നിര്‍ഭാഗ്യവശാല്‍ ബിജെപിയുടെ വോട്ടുബാങ്കായവരില്‍ പലരും ഇത്തരത്തില്‍ അവധി ആഘോഷിക്കാന്‍ പോയിരിക്കുകയാണ്. അവരാരും വോട്ടുചെയ്യാനെത്തിയില്ല. അതാണ് തോല്‍വിക്ക് കാരണമെന്ന് ബിജെപി വക്താവ് സഞ്ജയ് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

ഹരിയാനയില്‍ അംബാല, പഞ്ചകുള, സോനിപത്ത് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കും രേവാരി മുനിസിപ്പല്‍ കൗണ്‍സില്‍, സാംപ്ല, ധരുഹേര, ഉക്കലന മുന്‍സിപ്പല്‍ കമ്മിറ്റികളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപി-ജെജെപി സഖ്യവും കോണ്‍ഗ്രസും തമ്മിലായിരുന്നു പ്രധാന മല്‍സരം. തിരഞ്ഞെടുപ്പില്‍ മൂന്നില്‍ ഒരു കോര്‍പറേഷനില്‍ മാത്രമാണ് ബിജെപി- ജെജെപി സഖ്യത്തിന് വിജയിക്കാനായത്.

സോനിപത്തിലും അംബാലയിലും മേയര്‍ സ്ഥാനങ്ങള്‍ ബിജെപിക്ക് നഷ്ടമായി. ജെജെപിയുടെ ശക്തികേന്ദ്രങ്ങളില്‍വരെ കനത്ത തിരിച്ചടിയുണ്ടായി. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം കത്തിപ്പടരുന്നതിനിടെ നടന്ന തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. അംബാല സിറ്റി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ 56.3 ശതമാനമാണ് ബിജെപിയുടെ വോട്ടിങ് ശതമാനം. 2013 ല്‍ ഇത് 67 ശതമാനമായിരുന്നു.

Tags: