ഹാഥ്റസ്; പ്രതിപക്ഷം ജാതി കലാപത്തിന് ശ്രമിക്കുന്നു: യുപി മന്ത്രി
സത്യം വെളിപ്പെടുത്താൻ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല. ദലിത് പെൺകുട്ടിയുടെ ആത്ഭിമാനത്തെക്കുറിച്ച് അവർ ശ്രദ്ധിക്കുന്നില്ല.
ലഖ്നോ: ഹാഥ്റസ് വിഷയത്തിൽ പ്രതിപക്ഷം ജാതി കലാപത്തിന് ശ്രമിക്കുന്നുവെന്ന് യുപി മന്ത്രി രാമപതി ശാസ്ത്രി. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ പ്രതിരോധത്തിലായതിനെ തുടർന്ന്, രണ്ട് മന്ത്രിമാർ ഈ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികൾക്ക് നേരേ ആഞ്ഞടിച്ചു.
സത്യം വെളിപ്പെടുത്താൻ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല. ദലിത് പെൺകുട്ടിയുടെ ആത്ഭിമാനത്തെക്കുറിച്ച് അവർ ശ്രദ്ധിക്കുന്നില്ല. ഈ പ്രദേശത്ത് ജാതി കലാപത്തിന് പ്രേരണ നൽകാൻ അവർ ആഗ്രഹിക്കുന്നു വെന്ന് ദലിതനായ മന്ത്രി രാമപതി ശാസ്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സാമൂഹ്യക്ഷേമ, പട്ടികജാതി, ഗോത്രക്ഷേമ വകുപ്പുകൾ വഹിക്കുന്ന ശാസ്ത്രി, കൂട്ടബലാത്സംഗക്കത്തിനിരയായ ദലിത് പെൺകുട്ടിയോട് നിരുത്തരവാദപരമായി പെരുമാറിയെന്ന് അദ്ദേഹം ആരോപിച്ചു.
മറ്റൊരു മന്ത്രി സിദ്ധാർത്ഥ് നാഥ് സിങ് ഈ വിഷയത്തിൽ കോൺഗ്രസ് ഗൂഡാലോചന നടത്തുന്നുവെന്ന് ആരോപിച്ചു. അവർ ദലിതരെക്കുറിച്ചും പെൺകുട്ടിയുടെ ശരീരത്തെക്കുറിച്ചും ചർച്ച ചെയ്യാൻ ശ്രമിക്കുന്നു. ഇതെല്ലാം ഗൂഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥ്റസിലേക്ക് പോയി, വോട്ടുകൾക്കായി ദലിത് കാർഡ് കളിച്ചുകൊണ്ട് വിനോദയാത്രയിൽ ഏർപ്പെട്ടുവെന്ന് സിങ് ആരോപിച്ചു. ദലിതരെ അണിനിരത്താൻ അവർ ആഗ്രഹിച്ചു. രാജ്യത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അവരുടെ നഷ്ടപ്പെട്ട വോട്ടുകൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
