ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായിരുന്നു: പി ചിദംബരം, ആ തീരുമാനത്തിന് ഇന്ദിരാ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല
ഷിംല: ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കീഴില്‍ 1984-ല്‍ പഞ്ചാബിലെ സുവര്‍ണ ക്ഷേത്രം തിരിച്ചുപിടിക്കാന്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായി പി ചിദംബരം. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായ വഴിയായിരുന്നുവെന്നാണ് ചിദംബരം പറയുന്നത്. ആ തീരുമാനത്തിന് ഇന്ദിരാ ഗാന്ധിയ്ക്ക് തന്റെ ജീവന്‍ തന്നെ വിലയായി നല്‍കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ നടന്ന ഖുശ്വന്ത് സിങ് സാഹിത്യോത്സവത്തില്‍ സംസാരിക്കവെയാണ് കേന്ദ്ര മുന്‍ ആഭ്യന്തരമന്ത്രിയും ധനമന്ത്രിയുമായ ചിദംബരത്തിന്റെ പ്രതികരണം. 'ദേ വില്‍ ഷൂട്ട് യു, മാഡം; മൈ ലൈഫ് വിത്ത് കോണ്‍ഫ്‌ലിക്റ്റ്' എന്ന പുസ്തകത്തിന്റെ രചയിതാവായ ഹരീന്ദര്‍ ബവേജയുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് ചിദംബരം ഈ പരാമര്‍ശം നടത്തിയത്.
സൈന്യത്തെ മാറ്റി നിര്‍ത്തി സുവര്‍ണ ക്ഷേത്രം വീണ്ടെടുക്കാനുള്ള ശരിയായ മാര്‍ഗം ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ സൈന്യം, പോലിസ്, ഇന്റലിജന്‍സ്, സിവില്‍ സര്‍വീസസ് എന്നിവയുടെ സംയുക്ത തീരുമാനമായിരുന്നുവെന്ന് ചിദംബരം വ്യക്തമാക്കി.
'ഒരു സൈനിക ഉദ്യോഗസ്ഥനോടും അനാദരവില്ല, പക്ഷേ സുവര്‍ണ ക്ഷേത്രം തിരിച്ചുപിടിക്കാന്‍ അതു (ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍) നടത്തിയ രീതി തീര്‍ത്തും തെറ്റായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, സൈന്യത്തെ മാറ്റി നിര്‍ത്തി സുവര്‍ണക്ഷേത്രം വീണ്ടെടുക്കാനുള്ള ശരിയായ മാര്‍ഗം ഞങ്ങള്‍ കാണിച്ചുകൊടുത്തു.
ആ തെറ്റിന് ഇന്ദിരാ ഗാന്ധിയ്ക്ക് തന്റെ ജീവന്‍ വിലയായി നല്‍കേണ്ടി വന്നു. എന്നാല്‍ സൈന്യം, പോലിസ്, ഇന്റലിജന്‍സ്, സിവില്‍ സര്‍വിസസ് എന്നിവയുടെ സംയുക്ത തീരുമാനമായിരുന്നുവത്. അതിനാല്‍ തന്നെ ഇന്ദിരാ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല'- ചിദംബരം പറഞ്ഞു.
1984 ജൂണ്‍ 1 മുതല്‍ ജൂണ്‍ 10 വരെ നീണ്ടുനിന്ന 10 ദിവസത്തെ സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍. തീവ്ര സിഖ് സംഘടനയായ ദംദാമി തക്സലിന്റെ തലവനായിരുന്നു ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തിലുള്ള വിഘടനവാദികള്‍ പ്രത്യേക പഞ്ചാബ് ആവശ്യപ്പെട്ട് സുവര്‍ണ ക്ഷേത്രത്തില്‍ അഭയം തേടുകയും ഇന്ദിരാ ഗാന്ധിയുടെ സര്‍ക്കാറിനെ വെല്ലുവിളിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം വിഘടനവാദികളെ സുവര്‍ണ ക്ഷേത്രത്തില്‍നിന്ന് പുറത്താക്കാന്‍ ജൂണ്‍ ആറിനാണ് സൈന്യം നടപടികള്‍ ആരംഭിച്ചത്.
ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന ഈ നടപടിക്കിടെ ഭിന്ദ്രന്‍വാല ഉള്‍പ്പെടെ സായുധരായ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സൈനിക നടപടി നിശിതമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ 1984 ഒക്ടോബര്‍ 31 ന് ന്യൂഡല്‍ഹിയിലെ വസതിയില്‍ വച്ച് ഇന്ദിരാഗാന്ധിയെ രണ്ട് സിഖ് അംഗരക്ഷകര്‍ വെടിവച്ചു കൊല്ലുകയായിരുന്നു.

