മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് ഒരുമരണം; 25 പേര്‍ കുടുങ്ങിക്കിടക്കുന്നു

എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തിലാണ് സ്ഥലത്ത് 12 മണിക്കൂറായി രക്ഷാപ്രവര്‍ത്തനം തുടരുന്നത്. എന്‍ഡിആര്‍എഫിന്റെ മൂന്ന് ടീമുകളും അഗ്‌നിശമന സേനയുടെ 12 ടീമുകളും സ്ഥലത്തുണ്ട്.

Update: 2020-08-25 03:40 GMT

മുംബൈ: മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ 25 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. റായ്ഗഡ് ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 60 പേരെ രക്ഷപ്പെടുത്തി. ഏകദേശം 10 വര്‍ഷം പഴക്കമുള്ള റസിഡന്‍ഷ്യല്‍ കെട്ടിടമാണ് തകര്‍ന്നത്. എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തിലാണ് സ്ഥലത്ത് 12 മണിക്കൂറായി രക്ഷാപ്രവര്‍ത്തനം തുടരുന്നത്. എന്‍ഡിആര്‍എഫിന്റെ മൂന്ന് ടീമുകളും അഗ്‌നിശമന സേനയുടെ 12 ടീമുകളും സ്ഥലത്തുണ്ട്.

അഞ്ചുനില കെട്ടിടത്തില്‍ 45 ലധികം ഫ്‌ളാറ്റുകള്‍ ഉണ്ടായിരുന്നു. സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നതിന് ദുരന്തപ്രതികരണ സേനയുടെ തലവന്‍ എസ് എന്‍ പ്രധനുമായി സംസാരിച്ചതായും ഇത് വലിയൊരു ദുരന്തമാണെന്നും ആഭ്യന്തരമന്ത്രി അമിത്ഷാ ട്വീറ്റ് ചെയ്തു. സ്‌നിഫര്‍ നായ്ക്കളും ഉദ്യോഗസ്ഥരെ സഹായിക്കുന്നുണ്ട്. കെട്ടിടത്തിന്റെ കരാറുകാരനായ യൂനുസ് ഷെയ്ക്ക്, ആര്‍ക്കിടെക്ട് എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുമെന്ന് അറിയിച്ചു. 

Tags:    

Similar News