വിഷപ്പാമ്പിനെ നിങ്ങള്‍ വിശ്വസിച്ച് വീട്ടില്‍ വളര്‍ത്തിയാലും ബി ജെ പിയെ വിശ്വസിക്കരുത്: മമതാ ബാനര്‍ജി
കൊല്‍ക്കത്ത: വിഷപ്പാമ്പിനെ വിശ്വസിച്ചാലും ബി.ജെ.പിയെ വിശ്വസിക്കരുതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൂച്ച് ബിഹാറിലെ തൃണമൂല്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ''ആവാസ് യോജനയില്‍ വീണ്ടും പേര് ചേര്‍ക്കാനാണ് ബി.ജെ.പി പറയുന്നത്. എന്തിനാണ് വീണ്ടും പേര് ചേര്‍ക്കുന്നത്. അത് ഇല്ലാതാക്കാനാണ് അവര്‍ കൂടുതല്‍ പേരെ ചേര്‍ക്കുന്നത്. നിങ്ങള്‍ക്ക് ഒരു വിഷപ്പാമ്പിനെ വിശ്വസിച്ച് വീട്ടില്‍ വളര്‍ത്താം. ഒരിക്കലും ബി.ജെ.പിയെ വിശ്വസിക്കരുത്. ബി.ജെ.പി രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്''-മമത പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജന്‍സികളും ബി.എസ്.എഫ്, സി.ഐ.എസ്.എഫ് തുടങ്ങിയ വിഭാഗങ്ങളും കേന്ദ്രസര്‍ക്കാരിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ കാവി ക്യാമ്പിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണം. ബി.ജെ.പി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുകയാണെന്നും മമത ആരോപിച്ചു.
കൂച്ച് ബിഹാറിലെ മുന്‍ എസ്.പി ദെബാശിശ് ധറിനെ ബിര്‍ഹുമില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയതിനെയും മമത വിമര്‍ശിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കൂച്ച് ബിഹാറില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതിന് ഉത്തരവാദി ധര്‍ ആണെന്നും മമത പറഞ്ഞു.