പോളിങ് ദിനത്തിൽ, തെക്കൻ കശ്മീരിലെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദുചെയ്ത് സർക്കാർ

ജില്ലയിലെ ചില പ്രദേശങ്ങളിൽ പോളിങ് നടക്കുന്നതിനാൽ മുൻകരുതൽ നടപടികളായി ഇന്റർനെറ്റ് റദ്ദാക്കിയതായി ഷോപിയൻ ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു

Update: 2020-12-07 14:07 GMT

ശ്രീന​ഗർ: ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനിടെ തെക്കൻ കശ്മീരിലെ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ റദ്ദുചെയ്തു. ഇന്റർനെറ്റ് റദ്ദുചെയ്യാൻ സർക്കാരിന് തക്കതായ കാരണങ്ങളുണ്ടെന്ന് അനന്ത്നാഗ് ഡെപ്യൂട്ടി കമ്മീഷണർ കെകെ സിദ്ധ പറഞ്ഞു. എന്നിരുന്നാലും, സാധുവായ കാരണങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു.

ജില്ലയിലെ ചില പ്രദേശങ്ങളിൽ പോളിങ് നടക്കുന്നതിനാൽ മുൻകരുതൽ നടപടികളായി ഇന്റർനെറ്റ് റദ്ദാക്കിയതായി ഷോപിയൻ ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. കൃത്യമായ കൂടിയാലോചന നടപടികൾക്ക് ശേഷമാണ് സർക്കാർ ഈ നടപടി സ്വീകരിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പുൽവാമ ജില്ലയിലും തിങ്കളാഴ്ച പുലർച്ചെ ഇന്റർനെറ്റ് റദ്ദ് ചെയ്തിരുന്നു.

അതിവേഗ ഇന്റർനെറ്റ് ദുരുപയോഗം ചെയ്യുമോ എന്ന ആശങ്ക ചൂണ്ടിക്കാട്ടി 2 ജി മൊബൈൽ ഡാറ്റ സേവനങ്ങൾ തുടരാൻ ജമ്മു കശ്മീർ ഭരണകൂടം ഉത്തരവിട്ടു. ജില്ലാ വികസന കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പുകളെ തകർക്കാൻ അതിവേഗ ഇന്റർനെറ്റ് ദുരുപയോഗം ചെയ്യുമെന്ന ആശങ്കയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.