വിദേശ സംഭാവന: എന്‍ജിഒകള്‍ക്ക് തിരിച്ചടി; ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ സുപ്രിംകോടതി

Update: 2022-01-25 13:42 GMT

ന്യൂഡല്‍ഹി: രാജ്യത്തെ ആയിരക്കണക്കിന് സന്നദ്ധസംഘടനകള്‍ക്ക് (എന്‍ജിഒ) വിദേശ രാജ്യങ്ങളില്‍നിന്ന് ഫണ്ട് കൈപ്പറ്റുന്നതിനാവശ്യമായ ലൈസന്‍സ് നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരായ ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണു കേന്ദ്രനടപടിയെന്നും കൊവിഡ് കാലത്ത് കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്കു സഹായമെത്തിച്ച 6000ലധികം എന്‍ജിഒകള്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാണ്.

പൗരന്‍മാര്‍ക്ക് സഹായം നിഷേധിക്കുന്നതിലേക്ക് ഇത് നയിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്‍ജിഒകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രകാരം കൊവിഡ് ദേശീയ ദുരന്തമായി തുടരുന്നതുവരെയെങ്കിലും ലൈസന്‍സ് നീട്ടിനല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. യുഎസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് എന്ന എന്‍ജിഒയാണ് ഹരജി നല്‍കിയത്. വിഷയത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ സുപ്രിംകോടതി, എന്‍ജിഒകള്‍ ആദ്യം സര്‍ക്കാരിനെ സമീപിക്കണമെന്നും പറഞ്ഞു.

അപേക്ഷ നല്‍കിയ എന്‍ജിഒകള്‍ക്ക് ലൈസന്‍സ് നീട്ടിനല്‍കിയതായി കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്നാണ് സുപ്രിംകോടതിയുടെ നടപടി. തീരുമാനങ്ങളില്‍ അതൃപ്തിയുണ്ടെങ്കില്‍ കോടതിയില്‍ വാദം കേള്‍ക്കാം. ലൈസന്‍സ് പുതുക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന് മുമ്പാകെ ഇക്കാര്യം അവതരിപ്പിക്കുക. അതിനുശേഷം നിയമപ്രകാരം തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി. ലൈസന്‍സ് പുതുക്കി നല്‍കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതിനു മുമ്പ് 11,594 എന്‍ജിഒകള്‍ ഇതിനുള്ള അപേക്ഷ സമര്‍പ്പിച്ചതായും ഇവര്‍ക്കെല്ലാം അനുമതി നല്‍കിയതായുമുള്ള കേന്ദ്രസര്‍ക്കാര്‍ വാദം, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ശരിവച്ചു. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് അധികൃതര്‍ തന്നെയാണെന്നും കോടതി നിരീക്ഷിച്ചു. കേസ് തുടര്‍വാദത്തിനായി മാറ്റിവച്ചു.

എന്നാല്‍, ഇതിനുള്ള തിയ്യതി നിശ്ചയിച്ചിട്ടില്ല. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ആക്ട് ഭേദഗതി സംബന്ധിച്ച മറ്റൊരു കേസിലെ വിധി പ്രഖ്യാപിച്ചതിനുശേഷം തുടര്‍വാദം കേള്‍ക്കാമെന്നു കോടതി അറിയിച്ചു. സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ഹരജിയ്ക്ക് പിന്നിലെ ഉദ്ദേശ്യത്തെയും ചോദ്യം ചെയ്തു. പുതുക്കലിന് അപേക്ഷിച്ച ആയിരക്കണക്കിന് എന്‍ജിഒകള്‍ക്ക് ഇതിനകം ലൈസന്‍സ് നീട്ടിനല്‍കിയിട്ടുണ്ട്. ഹരജിക്കാരന്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയാണ്. ഇത് ഹൂസ്റ്റണിലാണ്. പുതുക്കാന്‍ അപേക്ഷിച്ച എന്‍ജിഒകളുടെ ലൈസന്‍സ് ഇതിനകം നീട്ടിയിട്ടുണ്ട്. ഈ അപേക്ഷയില്‍ എന്ത് ഉദ്ദേശ്യമാണുള്ളതെന്ന് എനിക്കറിയില്ല. പക്ഷേ, എന്തോ കുഴപ്പമുണ്ട്- അദ്ദേഹം പറഞ്ഞു.

വിദേശ സംഭാവനകള്‍ സ്വീകരിച്ചത് സംബന്ധിച്ച് കണക്ക് ഹാജരാക്കിയില്ലെന്നാരോപിച്ചാണ് മിഷണറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെയുള്ള ആറായിരത്തോളം വരുന്ന എന്‍ജിഒകളുടെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. ഇവയില്‍ ഭൂരിഭാഗവും പുതുക്കുന്നതിന് അപേക്ഷ നല്‍കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി അടക്കമുള്ള എന്‍ജിഒകള്‍ക്കാണ് ലൈസന്‍സ് നഷ്ടമായത്. നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറി, ഓക്‌സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്‌ലാമിയ, കോമണ്‍കോസ്, ഐഎംഎ., ലെപ്രസി മിഷന്‍, ട്യുബര്‍കുലോസിസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഇന്ദിരാഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ്, ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍, കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്റ് ടിവി ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയവയും ലൈസന്‍സ് നഷ്ടമായവയില്‍പ്പെടുന്നു.

Tags:    

Similar News