കര്‍ണാടകയില്‍ കടുവ സംരക്ഷകനെയും സുഹൃത്തിനെയും വളഞ്ഞിട്ട് മര്‍ദ്ദിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍ (വീഡിയോ)

Update: 2021-09-02 09:26 GMT

ബംഗളൂരു: കര്‍ണാടകയില്‍ പ്രശസ്ത കടുവ സംരക്ഷകനും സുഹൃത്തിനും നേരേ ആക്രമണം. ചിക്കമംഗളൂരു ജില്ലയില്‍ വൈകുന്നേരം റിസര്‍വ് വനത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് കടുവ സംരക്ഷകനായ ഡി വി ഗിരീഷിനും സുഹൃത്തിനും നേരേ മദ്യപിച്ചെത്തിയ ഒരുസംഘം യുവാക്കളുടെ ആക്രമണമുണ്ടായത്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എട്ടുപേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റുചെയ്തവരില്‍ ഒരാള്‍ അരുണ എന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വൈകുന്നേരം 5:30 ഓടെയാണ് സംഭവം. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ഒരുസംഘം യുവാക്കള്‍ ഗിരീഷിനെയും സുഹൃത്തിനെയും വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നത് കാണാം.

ഗിരീഷിനെ ആക്രമക്കുന്നത് കണ്ട് ജീപ്പില്‍നിന്നിറങ്ങിയപ്പോഴാണ് അയാളുടെ സുഹൃത്തിനെയും സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ഗിരീഷും സുഹൃത്തും 17 വയസ്സുള്ള മകളും ഒപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിക്കെതിരേ സംഘത്തില്‍പ്പെട്ടവര്‍ അസഭ്യവര്‍ഷം നടത്തുകയും അശ്ലീല പരമാര്‍ശങ്ങള്‍ നടത്തുകയും ചെയ്തത് ചോദ്യംചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് ഗിരീഷ് എന്‍ഡിടിവിയോട് പറഞ്ഞു. ഇതില്‍ പ്രകോപിതരായ അക്രമിസംഘം ഇരുചക്രവാഹനങ്ങളിലായി മൂന്ന് കിലോമീറ്റര്‍ തങ്ങളുടെ വാഹനം പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറില്‍ പറയുന്നു. അതിനുശേഷം അവര്‍ കല്ലുകള്‍ വച്ച് വാഹനം തടഞ്ഞു. പിന്നെ ഗിരീഷിനെ ജീപ്പില്‍നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.

അക്രമികള്‍ മദ്യപിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തില്‍ ഗ്രാമവാസികള്‍ ഇടപെടുകയും ഞങ്ങള്‍ പോലിസിനെ സമീപിക്കുകയുമായിരുന്നു. ഇതുവരെ മൂന്ന് പ്രതികളെ അറസ്റ്റുചെയ്തിട്ടുണ്ട്. രക്ഷപ്പെട്ട നാലുപേരെ ഉടന്‍ പിടികൂടുമെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ എം എച്ച് അക്ഷയ് പറഞ്ഞു. അക്രമത്തിന്റെ മൊബൈല്‍ കാമറ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ക്രൂരമായ ആക്രമണത്തില്‍ പരിക്കേറ്റ ഗിരീഷും സുഹൃത്തും ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ആക്രമണം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആക്ടിവിസ്റ്റിനെയും സുഹൃത്തിനെയും ആക്രമിച്ചതിന് എട്ടുപേര്‍ക്കെതിരെ പോലിസ് കേസെടുത്തു.

പോക്‌സോ നിയമത്തിലെ 12, 18 എന്നീ വകുപ്പുകള്‍ പ്രകാരവും പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ചിക്കമംഗളൂരു പോലിസ് സൂപ്രണ്ട് പറഞ്ഞു. ഭദ്ര സങ്കേതവും ചിക്കമംഗളൂരുവും സംരക്ഷിക്കുന്നതിനായി നടത്തിയ പരിശ്രമങ്ങള്‍ക്ക് നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും കൂടിയാണ്. സ്‌കോട്ട്‌ലന്‍ഡിലെ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡിലെ 'കടുവയെ സംരക്ഷിക്കല്‍' അവാര്‍ഡ്, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി അവാര്‍ഡ്, കര്‍ണാടക രാജ്യോല്‍സവ അവാര്‍ഡ്, കാള്‍ സെയ്‌സ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ അവാര്‍ഡ്, ടൈഗര്‍ ഗോള്‍ഡ് എന്നിവയും നേടിയിട്ടുണ്ട്.