ഒഡീഷയിൽ സ്വകാര്യ ലാബുകളിൽ ആർ‌ടി-പി‌സി‌ആർ‌ ടെസ്റ്റിന് ചെലവ് 400 രൂപ; ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ സ്വകാര്യ ലബോറട്ടറികൾ നടത്തുന്ന ആർടി-പിസിആർ ടെസ്റ്റിന് പരമാവധി 400 രൂപ മാത്രമേ ഈടാക്കാൻ പാടുള്ളുവെന്ന് സർക്കാർ അറിയിച്ചു.

Update: 2020-12-02 14:29 GMT

ഭുവനേശ്വർ: ഒഡീഷയിൽ സ്വകാര്യ ലാബുകളിൽ ആർ‌ടി-പി‌സി‌ആർ‌ ടെസ്റ്റിന് ചെലവ് 400 രൂപ മാത്രം. സ്വകാര്യ ലബോറട്ടറികളുടെ ആർടി-പിസിആർ ടെസ്റ്റുകളുടെ വില സംസ്ഥാന സർക്കാർ 1200 ൽ നിന്ന് 400 രൂപയായി കുറച്ചു. രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

നേരത്തെ, സ്വകാര്യ ലാബുകളും ആശുപത്രികളും നടത്തിയ ആർ‌ടി-പി‌സി‌ആർ പരിശോധനയുടെ വില ജൂലൈ 3, ആ​ഗസ്ത് 25 തീയതികളിൽ രണ്ടുതവണ വെട്ടിക്കുറച്ചിരുന്നു. ചെലവ് 4500 രൂപയിൽ നിന്ന് 2200 രൂപയായും പിന്നീട് 1200 രൂപയായും കുറച്ചിരുന്നു.

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ സ്വകാര്യ ലബോറട്ടറികൾ നടത്തുന്ന ആർടി-പിസിആർ ടെസ്റ്റിന് പരമാവധി 400 രൂപ മാത്രമേ ഈടാക്കാൻ പാടുള്ളുവെന്ന് സർക്കാർ അറിയിച്ചു. ഇത് ജിഎസ്ടിയും മറ്റ് ചാർജുകളും ഉൾപ്പെടെയാണ്. ടെസ്റ്റിങ് കിറ്റുകളുടെയും മറ്റ് സാധനങ്ങളുടെയും വില കുറച്ചതിനെത്തുടർന്ന് പരിശോധനാ ചെലവ് കുറച്ചതായി ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി കെ മോഹൻപത്ര പറഞ്ഞു. ആർ‌ടി-പി‌സി‌ആർ കിറ്റിന്റെ വില നേരത്തെ 1200 രൂപയായിരുന്നത് ഇപ്പോൾ 46 രൂപയാണ്.

ആർ‌എൻ‌എ എക്സ്ട്രാക്ഷൻ കിറ്റിന്റെ വിലയും കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കിറ്റുകൾക്കും മറ്റ് ആക്സസറികൾക്കുമായി ലാബുകൾക്ക് പരമാവധി 200 രൂപ ചെലവഴിക്കേണ്ടിവരും. ടെസ്റ്റ് വിലയിലെ കുറവ് സംസ്ഥാനത്ത് പരിശോധന വേഗത്തിലാക്കാൻ സഹായിക്കും. എന്നിരുന്നാലും, വീട്ടിൽ നിന്ന് സാംപിളുകൾ എടുക്കുന്നതിനുള്ള ചെലവ് ഇതിൽ ഉൾപ്പെടുന്നില്ലെന്നും മോഹൻപാത്ര കൂട്ടിച്ചേർത്തു.