ഒഡീഷയിൽ ബിജെഡി നേതാവിനെ പരസ്യമായി വെടിവച്ചു കൊന്നു

കാറിലെത്തിയ അക്രമിസംഘം സാഹുവിനു നേരെ വെടിയുതിർക്കുകയായിരുന്നു.

Update: 2021-01-21 10:37 GMT

ബെർഹാംപൂർ: ഒഡീഷയിൽ ബിജെഡി നേതാവിനെ പരസ്യമായി വെടിവച്ചു കൊന്നു. ബിജു ജനതാദൾ (ബിജെഡി) നേതാവ് ദേബ് രാജ് സാഹുവിനെയാണ് ഒരു സംഘം ബുധനാഴ്ച രാവിലെ പരസ്യമായി വെടിവച്ചുകൊന്നത്. ബിജെപി നേതാവ് കുലമണി ബരാൾ കഴിഞ്ഞയാഴ്ച്ച കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം.

സംഘർഷത്തെ തുടർന്ന് ഗഞ്ചം ജില്ലയിലെ ബെഗുനിയപട ബ്ലോക്കിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. 53 കാരനായ ദേബ് രാജ് 2002 മുതൽ 2007 വരെ ബ്ലോക്ക് ചെയർമാനായിരുന്നു. അദ്ദേഹവും സംഘവും സുമാണ്ടൽ ചൗക്കിൽ രാവിലെ ചായ കുടിച്ചുകൊണ്ടിരിക്കെ കാറിലെത്തിയ അക്രമിസംഘം സാഹുവിനു നേരെ വെടിയുതിർക്കുകയായിരുന്നു.

സാഹുവിന് നേരെ നിരവധി വെടിയുണ്ടകൾ ഉതിർത്ത അക്രമികൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവസ്ഥലത്തുണ്ടായിരുന്നവർ അക്രമി സംഘത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടതിനാൽ സംഭവ്ഥലത്ത് രക്തം വാർന്നാണ് സാഹു മരണപ്പെട്ടത്. ബെഗുനിയപട, കോഡാല പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.