മുംബൈയില്‍ 'ഒക്കുപൈ ഗേറ്റ്‌വേ' പ്രതിഷേധം പോലിസ് തടഞ്ഞു

Update: 2020-01-07 05:19 GMT

മുംബൈ: ജെഎന്‍എയു ആക്രമണത്തിനെതിരേ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് മുന്നില്‍ സംഘടിപ്പിക്കാനിരുന്ന ഒക്കുപൈ ഗേറ്റ്‌വേ പ്രതിഷേധം പോലിസ് തടഞ്ഞു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റി. ഇന്നലെ രാത്രി നൂറിലധികം പേര്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ നടപ്പാതയില്‍ പ്രതിഷേധം ആരംഭിച്ചത്.

അതേസമയം പ്രതിഷേധക്കാരെ പോലിസ് ബസില്‍ രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള ആസാദ് മൈതാനത്തേയ്ക്ക് കൊണ്ടുപോയി. പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായി മാറിയ ജനപ്രിയ ടൂറിസ്റ്റ് സൈറ്റില്‍ നിന്ന് പ്രതിഷേധക്കാര്‍ക്ക് നേരേ ഇന്ന് രാവിലെ പോലിസ് ബലപ്രയോഗം നടത്തി. ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം വലിയ പ്രതിഷേധങ്ങള്‍ക്ക് സൗകര്യമില്ലെന്നും ആസാദ് മൈതാനത്തിന് സമീപം ടോയ്‌ലെറ്റ് സൗകര്യങ്ങളും ജലലഭ്യതയുമുണ്ടെന്നും പറഞ്ഞാണ് പോലിസ് പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ മാറ്റിയത്.

വിദ്യാര്‍ഥികളാണ് കൂടുതലായും പ്രതിഷേധത്തിനെത്തിയിരുന്നത്. ടിസ്, മുംബൈ ഐഐടി, മുംബൈ സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഞായറാഴ്ച ജെഎന്‍യുവില്‍ ആക്രമണം നടന്നതിന് പിന്നാലെ രാത്രി ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് മുന്നില്‍ മെഴുകുതിരി പ്രകടനം സംഘടിപ്പിച്ചിരുന്നു. ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ്, കൊമേഡിയന്‍ കുനാല്‍ കമ്ര തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. അനുരാഗ് കശ്യപ്, താപ്‌സി പന്നു തുടങ്ങിയ ബോളിവുഡ് സെലിബ്രിറ്റികള്‍ മുംബൈയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്കാണ് കടക്കുന്നത്. ഇന്നലെ കാംപസ് തുറന്നതോടെ പ്രതിഷേധ സമരത്തിലേക്ക് നിരവധി വിദ്യാര്‍ഥികളാണത്തിയത്. പോലിസ് നടപടിയില്‍ തകര്‍ന്ന കാംപസ് ലൈബ്രറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുടങ്ങി. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഡിസംബര്‍ 15 നാണ് കാംപസ് അടച്ചിട്ടത്.

Similar News