ചരിത്രത്തില്‍ ആദ്യമായി ബിജെപി രാജ്യസഭാംഗങ്ങളുടെ എണ്ണം 100-ല്‍ എത്തി
1990-നു ശേഷം ഇതാദ്യമായാണ് ഒരു പാര്‍ട്ടിക്ക് രാജ്യസഭയില്‍ 100 അംഗങ്ങളെ ലഭിക്കുന്നത്. ഏറ്റവും ഒടുവില്‍ ഉപരിസഭയില്‍ നൂറോ അതില്‍ അധികമോ അംഗങ്ങളുണ്ടായിരുന്നത് കോണ്‍ഗ്രസിന് ആയിരുന്നു.
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രാജ്യസഭയില്‍ ബിജെപി അംഗങ്ങളുടെ എണ്ണം 100-ല്‍ എത്തി. അസം, ത്രിപുര, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ഓരോ സീറ്റ് വീതം വിജയിച്ചതോടെയാണ് പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ ബിജെപി സെഞ്ചുറി തികച്ചത്. എന്നാല്‍ രാജ്യസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അംഗസഖ്യ ഉയര്‍ന്നത് രേഖപ്പെടുത്തിയിട്ടില്ല.
1990-നു ശേഷം ഇതാദ്യമായാണ് ഒരു പാര്‍ട്ടിക്ക് രാജ്യസഭയില്‍ 100 അംഗങ്ങളെ ലഭിക്കുന്നത്. ഏറ്റവും ഒടുവില്‍ ഉപരിസഭയില്‍ നൂറോ അതില്‍ അധികമോ അംഗങ്ങളുണ്ടായിരുന്നത് കോണ്‍ഗ്രസിന് ആയിരുന്നു. 108 അംഗങ്ങളായിരുന്നു അന്ന് കോണ്‍ഗ്രസിനുണ്ടായിരുന്നത്.
ആറ് സംസ്ഥാനങ്ങളില്‍നിന്നായി 13 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍, പഞ്ചാബിലെ ഏകസീറ്റ് ബിജെപിക്ക് നഷ്ടമായിരുന്നു. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഹിമാചല്‍ പ്രദേശിലും പാര്‍ട്ടി നേട്ടമുണ്ടാക്കി. പഞ്ചാബിലെ അഞ്ചുസീറ്റുകളും ആം ആദ്മി പാര്‍ട്ടിയായിരുന്നു വിജയിച്ചത്.
2014-ല്‍ രാജ്യസഭയില്‍ 55 അംഗങ്ങള്‍ മാത്രമായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരം പിടിച്ചതോടെ രാജ്യസഭയിലെ അംഗസംഖ്യ ഉയരുകയായിരുന്നു.