കെവൈസി രേഖയായി എന്‍പിആര്‍; ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാന്‍ തമിഴ്‌നാട്ടില്‍ ജനങ്ങളുടെ നെട്ടോട്ടം

അക്കൗണ്ട് ഉടമകള്‍ അവരുടെ വിലാസം തെളിയിക്കുന്നതിനായി രേഖകള്‍ ഹാജരാക്കണമെന്ന നിര്‍ദേശത്തിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) കടന്നുകൂടിയതാണ് ജനങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കിയത്.

Update: 2020-01-23 17:53 GMT

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ രാജ്യവ്യാപകമായ പ്രക്ഷോഭം ശക്തിപ്പെട്ടിരിക്കെ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ എന്‍പിആറിന്റെ പേരില്‍ പരിഭ്രാന്തരായി ജനങ്ങളുടെ നെട്ടോട്ടം. അക്കൗണ്ട് ഉടമകള്‍ അവരുടെ വിലാസം തെളിയിക്കുന്നതിനായി രേഖകള്‍ ഹാജരാക്കണമെന്ന നിര്‍ദേശത്തിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) കടന്നുകൂടിയതാണ് ജനങ്ങളില്‍ ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കിയത്. അക്കൗണ്ട് ഉടമകള്‍ അവരുടെ കെവൈസി രേഖകള്‍ ഉടന്‍ ബാങ്കില്‍ നല്‍കണമെന്നാവശ്യപ്പെട്ട് ജനുവരി 11ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഒരു പരസ്യം പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.

കെവൈസിക്കായി നല്‍കാവുന്ന രേഖകളുടെ കൂട്ടത്തില്‍ എന്‍പിആറും ഉള്‍പ്പെട്ടിരുന്നു. ഇതാണ് മുസ്‌ലിം വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന കായല്‍പട്ടണത്തെ ജനങ്ങളെ പരിഭ്രാന്തരാക്കിയത്. പരസ്യം വന്നതിന് പിന്നാലെ കായല്‍പട്ടണത്തെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ ജനങ്ങള്‍ കൂട്ടത്തോടെയെത്തിക്കൊണ്ടിരിക്കുകയാണ്. പരസ്യം പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടതാണെന്ന ആശങ്കയിലായിരുന്നു സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ടുള്ളവര്‍ ബാങ്ക് ശാഖയിലേയ്ക്ക് ഒഴുകിയത്. പണം നഷ്ടപ്പെടുമെന്ന ഭീതിയില്‍ അക്കൗണ്ടിലുള്ള പണം ഒരുമിച്ച് പിന്‍വലിച്ചതോടെ ജനുവരി 20, 22 ദിവസങ്ങളില്‍ ബാങ്കില്‍നിന്ന് പിന്‍വലിക്കപ്പെട്ടത് നാലുകോടിയിലധികം രൂപയാണ്.

കെവൈസിക്ക് എന്‍പിആര്‍ നിര്‍ബന്ധമല്ലെന്ന് ബാങ്ക് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയെങ്കിലും ജനങ്ങള്‍ അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്നോട്ടുപോയില്ല. പലരും അക്കൗണ്ടിലുള്ള മുഴുവന്‍ പണവും പിന്‍വലിച്ചു. ബാങ്കിലെ 15,000 ഓളം അക്ക ൗണ്ട് ഉടമകളില്‍ 90 ശതമാനവും മുസ്‌ലിംകളാണ്. ജനങ്ങളുടെ തിരക്ക് വര്‍ധിച്ചത് ബാങ്ക് അധികൃതരെയും കുഴക്കി. കല്യാണപട്ടണത്ത് നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആര്‍ എല്‍ നായക് പ്രതികരിച്ചു. ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്ന് കെവൈസി രേഖയായി നല്‍കിയാല്‍ മതി.

അടുത്തിടെ, റിസര്‍വ് ബാങ്ക് എന്‍പിആറും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം പരസ്യത്തില്‍ സൂചിപ്പിച്ചിരുന്നതാണ് തെറ്റിദ്ധാരണയ്ക്കിടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സാഹചര്യംമൂലം ബാങ്കിന് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. അക്കൗണ്ട് ഉടമകളുടെ തെറ്റിദ്ധാരണ മാറ്റാന്‍ ബാങ്ക് ജീവനക്കാര്‍ ഇപ്പോള്‍ വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി പോസ്റ്റര്‍ പ്രചാരണവും വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ജനങ്ങളുടെ ഭീതി ഇതുവരെ ഒഴിഞ്ഞിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിനും എന്‍പിആറിനും എന്‍ആര്‍സിക്കുമെതിരായ തങ്ങളുടെ ഏറ്റവും നല്ല പ്രതിഷേധമാണ് കൂട്ടത്തോടെയുള്ള ഫണ്ട് പിന്‍വലിക്കലെന്ന് അക്കൗണ്ട് ഉടമയായ മുസ്‌ലിം വ്യാപാരി പ്രതികരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. ഈ മൂന്ന് നിയമങ്ങളും സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരം നിയമങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമായിട്ടും കേന്ദ്രത്തിന് അനക്കമില്ല. അതുകൊണ്ട് തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായാണ് പണം പിന്‍വലിക്കലിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News