രാമനാമ പ്രചാരണവുമായി ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സർക്കാർ
രാമന്‍റെ വനവാസകാലവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്.
റായ്പൂർ: രാമനാമ പ്രചരണവുമായി ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സർക്കാർ. ചന്ദ്ഖുരിയിലാണ് രാമന്‍റെ മാതാവ് കൌസല്യയുടെ പേരിലുള്ള ക്ഷേത്രത്തിന്‍റെ നിർമ്മാണം സർക്കാർ ആരംഭിച്ചത്. ഭൂപേഷ് ബാഗെല്‍ സർക്കാരിന്‍റെ രണ്ടാം വാർഷിക ദിനമായ വ്യാഴാഴ്ച ചന്ദ്ഖുരിയിൽ വൻ ആഘോഷ പരിപാടി സംഘടിപ്പിക്കും.
അയോധ്യയില്‍ രാമക്ഷേത്ര നിർമാണം ആരംഭിച്ചത് വലിയ നേട്ടമായി ഉർത്തിക്കാണിച്ച് ബിജെപി മുന്നോട്ട് പോവുകയാണ്. ഇതിനിടെയാണ് ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സർക്കാർ രാമനാമ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. റായ്പൂരില്‍ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ചന്ദ്ഖുരിയില്‍ 15.78 കോടി രൂപ മുടക്കിയാണ് രാമന്‍റെ മാതാവ് കൗസല്യയുടെ ക്ഷേത്രം നിർമിക്കാനാരംഭിച്ചിരിക്കുന്നത്. സർക്കാരിന്‍റെ രണ്ടാം വാർഷിക ദിനമായ 17ന് ഇതേ പ്രദേശത്ത് പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.
സുക്മയില്‍ നിന്നും കൊറിയയില്‍ നിന്നുമായി രണ്ട് ബൈക്ക് റാലികള്‍ ആരംഭിക്കും. സംസ്ഥാനത്തെ രാമായണത്തിന്‍റെ കാല്‍പ്പാടുകള്‍ എന്നർത്ഥം വരുന്ന റാം വാന്‍ ഗാമന്‍ പാത എന്ന ഈ യാത്ര 1400 കിലോമീറ്റർ സഞ്ചരിച്ച് ചന്ദ്ഖുരി സമാപിക്കും.രാമന്‍റെ വനവാസകാലവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്.