ദലിത് എഴുത്തുകാരന്‍ ഡോ. ശരണ്‍കുമാര്‍ ലിമ്പാളെയ്ക്ക് സരസ്വതി സമ്മാന്‍ പുരസ്‌കാരം
15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ലിമ്പാളെയുടെ 2018ല്‍ പുറത്തിറങ്ങിയ സനാതന്‍ എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ദലിത് ജീവിതപ്രാരാബ്ദങ്ങളും പ്രതിസന്ധികളും വിവരിക്കുന്ന ചരിത്രപ്രാധാന്യമുള്ള കൃതിയാണ് സനാതന്‍.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ദലിത് സാഹിത്യരംഗത്തെ പ്രമുഖനും മറാത്തി സാഹിത്യകാരമനുമായ ഡോ.ശരണ്‍ കുമാര്‍ ലിമ്പാളെ സരസ്വതി സമ്മാന്‍ പുരസ്‌കാരത്തിന് അര്‍ഹനായി. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ലിമ്പാളെയുടെ 2018ല്‍ പുറത്തിറങ്ങിയ സനാതന്‍ എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ദലിത് ജീവിതപ്രാരാബ്ദങ്ങളും പ്രതിസന്ധികളും വിവരിക്കുന്ന ചരിത്രപ്രാധാന്യമുള്ള കൃതിയാണ് സനാതന്‍.
മുഗള്‍, ബ്രിട്ടീഷ് കാലഘട്ടത്തെ സാമൂഹിക ചരിത്രം തുറന്നുകാണിക്കുന്നതാണ് ശരണ്‍ കുമാര്‍ ലിമ്പാളെയുടെ സനാതന്‍ എന്ന കൃതി. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ദലിത്, ഗോത്രവര്‍ഗങ്ങള്‍ വഹിച്ച പങ്ക് നിഷേധിക്കപ്പെട്ടതിന്റെ ചരിത്രവും സനാതനില്‍ വിശദമായി വിവരിക്കുന്നു. മഹാരാഷ്ട്രയിലെ സോളാപൂരിലെ ഹന്നൂര്‍ ഗ്രാമത്തിലാണ് ഡോ.ശരണ്‍കുമാര്‍ ലിമ്പാളെ ജനിച്ചത്. കോലാപുര്‍ ശിവാജി സര്‍വകലാശാലയില്‍ നിന്ന് മറാത്തി ഭാഷയില്‍ ബിരുദാനന്തര ബിരുദമെടുത്ത ശേഷം മറാത്തി ദലിത് സാഹിത്യത്തെക്കുറിച്ചും അമേരിക്കന്‍ കറുത്ത സാഹിത്യത്തെക്കുറിച്ചുമുള്ള പഠനത്തില്‍ പിഎച്ച്ഡി നേടി.
ശിവാജി സര്‍വകലാശാലയില്‍നിന്ന് പ്രഫസറും ഡയറക്ടറുമായി വിരമിച്ചു. നാല്‍പതിലധികം പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ അക്കര്‍മാശി എന്ന ആത്മകഥ മലയാളം അടക്കം നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റപ്പെടുകയും നിരവധി ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. സാഹിത്യത്തിന് രാജ്യത്ത് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമാണ് സരസ്വതി സമ്മാന്‍. 1991 ല്‍ കെ കെ ബിര്‍ള ഫൗണ്ടേഷനാണ് പുരസ്‌കാരം ആരംഭിച്ചത്.
ഓരോ വര്‍ഷവും ഇന്ത്യന്‍ ഭാഷകളില്‍നിന്നുള്ള മികച്ച സൃഷ്ടികള്‍ക്കാണ് സരസ്വതി സമ്മാന്‍ പുരസ്‌കാരം നല്‍കുന്നത്. മലയാളത്തില്‍നിന്ന് ബാലാമണിയമ്മ, കെ അയ്യപ്പപ്പണിക്കര്‍, സുഗതകുമാരി എന്നിവര്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ സരസ്വതി സമ്മാന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
