ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് നന്ദി; ഇനി രാജ്യസഭയിലേക്കില്ലെന്ന് എ കെ ആന്റണി

മുന്‍ കേന്ദ്രമന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇടത് ചേരി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയ ചെറിയാന്‍ ഫിലിപ്പ്, വി ടി ബല്‍റാം തുടങ്ങിയ പേരുകള്‍ സജീവമാണ്.

Update: 2022-03-07 18:18 GMT

ന്യൂഡൽഹി: ഇനി രാജ്യസഭയിലേക്ക് മൽസരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മൽസരിക്കാനില്ലെന്ന തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് നന്ദിയുണ്ടെന്നും ആന്റണി അറിയിച്ചു.

അതേസമയം ആന്റണിക്ക് പകരക്കാരനെ കണ്ടെത്താന്‍ കെപിസിസി ശ്രമം തുടങ്ങി. എ കെ ആന്റണി മാറുമ്പോള്‍ പകരം ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് കോണ്‍ഗ്രസിനു മുന്നിലെ വെല്ലുവിളി.

മുന്‍ കേന്ദ്രമന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇടത് ചേരി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയ ചെറിയാന്‍ ഫിലിപ്പ്, വി ടി ബല്‍റാം തുടങ്ങിയ പേരുകള്‍ സജീവമാണ്. കേരളം അടക്കം ആറു സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. മാര്‍ച്ച് 14ന് വിജ്ഞാപനം ഇറങ്ങും.

മാര്‍ച്ച് 21ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ ഉള്‍പ്പെടെ 13 പേര്‍ കാലാവധി പൂര്‍ത്തിയാക്കി ഒഴിയുന്നതിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ നിന്ന് മൂന്ന് എംപിമാരെ തിരഞ്ഞെടുക്കും. കെ സോമപ്രസാദ്, എം വി ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധിയും അവസാനിക്കും.