ഭാരത് ബന്ദ്: അടച്ചുപൂട്ടലിന് ആരേയും നിർബന്ധിക്കരുതെന്ന് കർഷക നേതാക്കൾ
കർഷകർക്ക് പ്രയോജനം ചെയ്യുമെന്ന് തുടക്കത്തിൽ അവകാശപ്പെട്ട സർക്കാർ, ഇപ്പോൾ നിയമ നിർമാണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സമ്മതിക്കുന്നത് എന്തുകൊണ്ടാണ്?
ന്യൂഡൽഹി: ഡിസംബർ എട്ടിന് നടക്കുന്ന ഭാരത് ബന്ദ് വേളയിൽ അടിയന്തര സേവനങ്ങൾ അനുവദിക്കുമെന്ന് കർഷക നേതാക്കൾ തിങ്കളാഴ്ച അറിയിച്ചു. അടുത്തിടെ നടപ്പാക്കിയ കാർഷിക സംബന്ധമായ മൂന്ന് നിയമങ്ങൾക്കെതിരേ പ്രഖ്യാപിച്ച ഭാരത് ബന്ദിൽ അടച്ചുപൂട്ടലിന് ആരെയും നിർബന്ധിക്കരുതെന്ന് കർഷക നേതാക്കൾ അറിയിച്ചു.
പ്രക്ഷോഭത്തിന് കാരണമായ പുതിയ നിയമങ്ങൾ റദ്ദാക്കാനുള്ള കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കേണ്ടിവരുമെന്ന് കർഷക നേതാവ് ബൽബീർ സിങ് രാജേവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രക്ഷോഭം നടത്തുന്ന കർഷകർ 'ഭാരത് ബന്ദ്' വേളയിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ ടോൾ പ്ലാസകൾ ഉപരോധിക്കുമെന്ന് കർഷക നേതാക്കൾ പ്രഖ്യാപിച്ചു.
സമാധാനം കാത്തുസൂക്ഷിക്കണമെന്നും ബന്ദ് നടപ്പാക്കാൻ ഒരു തർക്കത്തിലും ഏർപ്പെടരുതെന്നും ഭാരതീയ കിസാൻ ഏക്ത സംഘടൻ പ്രസിഡന്റ് ജഗ്ജിത് സിങ് ദല്ലേവാല കർഷകരോട് അഭ്യർത്ഥിച്ചു. 'ബന്ദ്' രാജ്യത്തുടനീളം വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാർ ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടിവരും. പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനേക്കാൾ കുറവൊന്നും ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും രാജേവാൾ പറഞ്ഞു.
കർഷകർക്ക് പ്രയോജനം ചെയ്യുമെന്ന് തുടക്കത്തിൽ അവകാശപ്പെട്ട സർക്കാർ, ഇപ്പോൾ നിയമ നിർമാണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സമ്മതിക്കുന്നത് എന്തുകൊണ്ടാണെന്ന് വിവാദ നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള കേന്ദ്രത്തിന്റെ നിർദേശത്തെ പരാമർശിച്ച് കർഷക നേതാവ് ദർശൻ പാൽ ചോദിച്ചു. കർഷകർക്ക് നല്ലതല്ലെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ പോലും പഴയ കാർഷിക നിയമങ്ങൾ സർക്കാർ പുനസ്ഥാപിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
