മുഖ്യമന്ത്രിയാകാന്‍ തിടുക്കമില്ല: കുമാരസ്വാമിക്ക് മറുപടിയുമായി ഡി കെ ശിവകുമാര്‍
ബെംഗളൂരു: തനിക്കു മുഖ്യമന്ത്രിയാകാന്‍ തിടുക്കമില്ലെന്നു കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. ശിവകുമാര്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 19 എംഎഎല്‍എമാരുടെ പിന്തുണ നല്‍കാമെന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ശിവകുമാര്‍.''കൂട്ടായ നേതൃത്വത്തിന്റെ കീഴിലാണു തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. നല്ല ഭരണം ഞങ്ങള്‍ക്കു കാഴ്ചവയ്ക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയാകാന്‍ തനിക്കു തിടുക്കമില്ല. പാര്‍ട്ടി നേതൃത്വത്തോടുപോലും ഞാനത് ആവശ്യപ്പെട്ടിട്ടില്ല'' ശിവകുമാര്‍ പറഞ്ഞു. പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങളാണു താന്‍ പിന്തുടരുന്നതെന്നും സിദ്ധരാമയ്യയാണു ഞങ്ങളുടെ നേതാവെന്നും ശിവകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ശിവകുമാറും തമ്മില്‍ കലഹത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്കു പിന്നാലെയായിരുന്നു കുമാരസ്വാമിയുടെ പരിഹാസം.