സഹായത്തിന് ആരും എത്തിയില്ല; റോഡപകടത്തില്‍ മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടി കൊണ്ടുപോയി യുവാവ്

Update: 2025-08-11 15:28 GMT


നാഗ്പുര്‍:
റോഡപകടത്തില്‍ ഭാര്യ മരിക്കുകയും സഹായത്തിന് ആരും എത്താതിരിക്കുകയും ചെയ്തതോടെ യുവാവ് മൃതദേഹം ബൈക്കില്‍ കെട്ടിവച്ചുകൊണ്ടുപോയി. നാഗ്പുര്‍-മധ്യപ്രദേശ് ഹൈവേയില്‍ ദിയോലാപറിന് സമീപമാണ് അപകടം നടന്നത്. ശനിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. മൃതദേഹവുമായി ഒരാള്‍ ബൈക്കോടിക്കുന്നതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധ നേടിയത്.

ഹൈവേയിലെ വനമേഖലയില്‍ അപകടം നടന്നതായി നാഗ്പുര്‍ റൂറലിലെ ദിയോലാപര്‍ പോലിസിന് വിവരം ലഭിച്ചിരുന്നു. പോലിസെത്തിയപ്പോള്‍ സംഭവ സ്ഥലത്ത് വാഹനമോ ആളുകളെയോ കണ്ടെത്താനായില്ലെന്നാണ് പറയുന്നത്. മൃതദേഹം കെട്ടിവച്ച് ഒരാള്‍ മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നതിന്റെ വീഡിയോ പിന്നീട് പുറത്തുവന്നു. ഇതിനിടെ ഒരു ടോള്‍പ്ലാസയ്ക്ക് സമീപം പോലിസ് ബൈക്ക് തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്തിയില്ല.

പിന്നീട് നാഗ്പുര്‍ സിറ്റി, റൂറല്‍, ഹൈവേ പോലിസ് എന്നിവരുടെ സംയുക്തമായ പ്രവര്‍ത്തനത്തിലൂടെ ഒടുവില്‍ ഇയാളെ വീട്ടില്‍വച്ച് കണ്ടെത്തി. നാഗ്പൂരിനടുത്തുള്ള ലോനാര സ്വദേശി അമിത് ബുംറ യാദവ് (36) ആണ് ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് കൊണ്ടുപോയതെന്ന് കണ്ടെത്തി. ഭാര്യ ഗ്യാര്‍ഷി യാദവിനൊപ്പം മധ്യപ്രദേശിലെ ലഖ്നദോണിലുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ അപകടത്തില്‍പ്പെടുന്നത്.

ഉച്ചയ്ക്ക് 2:30-നും മൂന്ന് മണിക്കും ഇടയില്‍ ദിയോലാപറിന് സമീപം വച്ച് അജ്ഞാത വാഹനം ഇവരുടെ മോട്ടോര്‍സൈക്കിളില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗ്യാര്‍ഷി തല്‍ക്ഷണം മരിക്കുകയും അമിത് യാദവിന് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ ഇടിച്ച വാഹനം നിര്‍ത്താതെ പോകുകയും ചെയ്തു. കനത്ത മഴയില്‍ ആരും ഇവര്‍ക്ക് സഹായത്തിന് എത്തുകയും ചെയ്തില്ല. സഹായത്തിനായി അമിത് നിരവധി വാഹനങ്ങള്‍ക്ക് കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ലെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്നാണ് ഇയാള്‍ ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടി വീട്ടിലേക്ക് കൊണ്ടുപോയതെന്നും പോലിസ് അറിയിച്ചു. പിന്നീട് ഇവരെ കണ്ടെത്തിയ പോലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.