മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിയില്ല; ബിജെപിക്കെതിരേ താക്കറേ സഹോദരങ്ങള്‍ ഒന്നിച്ചിറങ്ങും
മുംബൈ: മഹാരാഷ്ട്രയില്‍ ജനുവരി 15-ന് നടക്കാനിരിക്കുന്ന മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനായി ശിവസേന ഉദ്ദവ് താക്കറേ വിഭാഗവും (യുബിടി) - മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും (എംഎന്‍എസ്) ഔദ്യോഗികമായി സഖ്യം രൂപീകരിച്ചു. 20 വര്‍ഷത്തിന് ശേഷമാണ് മറാത്താ രാഷ്ട്രീയം പുതിയ സഖ്യത്തിന് സാക്ഷിയാവുന്നത്. മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണായക ചലനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാണ് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം താക്കറെ സഹോദരന്മാര്‍ രാഷ്ട്രീയമായി ഒന്നിച്ചത്. മഹാരാഷ്ട്രയിലെ 'മറാത്തി മാനൂസിന്റെ' (മറാത്തി മക്കള്‍) താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തെ നേരിടാനുമാണ് ഇരുവരും കൈകോര്‍ത്തത്. മുംബൈ കോര്‍പ്പറേഷന്‍ (ആങഇ) പിടിച്ചെടുക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം.
ബിജെപിക്കെതിരെ ഒന്നിച്ചു പോരാടുമെന്നും ഇരുവരും ആഹ്വാനം ചെയ്തു. വോര്‍ളിയിലെ ഹോട്ടല്‍ ബ്ലൂ സീയില്‍ നടന്ന ചടങ്ങിലാണ് സഖ്യം രൂപീകരിച്ചതായി ഇരുനേതാക്കളും നിര്‍ണായക പ്രഖ്യാപനം നടത്തിയത്. സേനാ ഭവനോ (ഉദ്ധവിന്റെ തട്ടകം) ശിവാജി പാര്‍ക്കോ (രാജിന്റെ തട്ടകം) അല്ലാതെ നിഷ്പക്ഷമായ ഒരിടത്താണ് ഇരുവരും ഒന്നിച്ചതെന്നും ശ്രദ്ധേയമാണ്.
വേദിക്ക് താഴെ ഡോ. ബാബാസാഹേബ് അംബേദ്കര്‍, പ്രബോധങ്കര്‍ താക്കറെ (ബാല്‍ താക്കറെയുടെ പിതാവ്), ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ എന്നിവരുടെ ചിത്രങ്ങള്‍ വച്ചിരുന്നു. ഉദ്ധവ്, രാജ്, അവരുടെ കുടുംബാംഗങ്ങള്‍, സഞ്ജയ് റാവത്ത് എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് വേദിയിലേക്ക് കയറിയത്. ഉദ്ധവിനോട് ചേര്‍ന്ന് റാവത്തും തൊട്ടടുത്തായി രാജും ഇരിക്കുന്ന തരത്തിലായിരുന്നു ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരുന്നത്.
'ഒന്നിച്ചു നില്‍ക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ വന്നിരിക്കുന്നത്,' രാജ് താക്കറെയ്‌ക്കൊപ്പം പത്രസമ്മേളനത്തെ അഭിസംബോധന ചെയ്ത് ഉദ്ധവ് പറഞ്ഞു. ബിജെപിയുടെ ഭരണം സഹിക്കാന്‍ കഴിയാത്തവര്‍ക്കും തങ്ങളുടെ സഖ്യത്തിലേക്ക് വരാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 15-ന് മുംബൈയ്‌ക്കൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന നാസിക് ഉള്‍പ്പെടെയുള്ള 27 കോര്‍പ്പറേഷനുകളിലെ സീറ്റ് വിഭജനം പൂര്‍ത്തിയായതായും മറ്റ് നഗരസഭകളില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഉദ്ധവ് വ്യക്തമാക്കി.
സീറ്റ് വിഭജനത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കിലും, 'മുംബൈ മേയര്‍ ഒരു മറാത്തി ആയിരിക്കും, അത് നമ്മുടേതായിരിക്കും' എന്ന് രാജ് താക്കറെ പ്രഖ്യാപിച്ചു. മുംബൈ, പൂനെ, താനെ, നാഗ്പൂര്‍, നാസിക് തുടങ്ങി 29 കോര്‍പ്പറേഷനുകളിലേക്കുള്ള വോട്ടെടുപ്പ് ജനുവരി 15-ന് നടക്കും. 16-നാണ് ഫലം.
നേരത്തെ, സഞ്ജയ് റാവത്ത് ഈ സഖ്യത്തെ മഹാരാഷ്ട്രയുടെ സന്തോഷനിമിഷമെന്ന് വിശേഷിപ്പിച്ചിരുന്നു. ബിജെപിയെ പാഠം പഠിപ്പിക്കാനും മുംബൈയിലെ കൊള്ള അവസാനിപ്പിക്കാനും ഇരു സഹോദരന്മാരും ഒന്നിച്ചെന്നും മുംബൈയിലെ 10 കോര്‍പ്പറേഷനുകളില്‍ സഖ്യമായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി (ശരദ് പവാര്‍ വിഭാഗം) നേതാവ് ശശികാന്ത് ഷിന്‍ഡെയും തങ്ങള്‍ ഈ സഖ്യവുമായി ചര്‍ച്ചയിലാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
സീറ്റ് വിഭജനം: മുംബൈ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഏകദേശ സീറ്റ് വിഭജന കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ശിവസേന (UBT) ഏകദേശം 145-150 സീറ്റുകളിലും, MNS 6570 സീറ്റുകളിലും മത്സരിക്കാന്‍ ധാരണയായിട്ടുണ്ട്. 10-12 സീറ്റുകള്‍ ശരദ് പവാര്‍ വിഭാഗം എന്‍സിപിക്ക് (NCP-SP) നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2006-ല്‍ ശിവസേന വിട്ട് രാജ് താക്കറെ സ്വന്തം പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പിനായി സഹോദരങ്ങള്‍ ഒന്നിക്കുന്നത്.

