കുറുക്കുവഴികളും മാന്ത്രിക വിദ്യകളുമില്ല; നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കണം: സോണിയാ ഗാന്ധി

Update: 2022-05-09 18:32 GMT

ന്യൂഡല്‍ഹി: നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി നിന്ന് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന് കുറുക്കുവഴികളോ മാന്ത്രിക വിദ്യകളോ ഇല്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വ്യക്തി താത്പര്യത്തിന് അതീതമായി കൂട്ടായി പ്രവര്‍ത്തിക്കണം. പാര്‍ട്ടി എല്ലാവരിലേക്കുമെത്തണമെന്നും സോണിയ പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയ പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയെയും മുന്നോട്ടുപോക്കിനേയും കുറിച്ച് വിശദമായി സംസാരിച്ചു. മെയ് 13 മുതല്‍ 15 വരെ നടക്കുന്ന ചിന്തന്‍ ശിബിരം കോണ്‍ഗ്രസിന്റെ വലിയ യാത്രയുടെ തുടക്കമായിരിക്കുമെന്ന് നേതാക്കള്‍ യോഗത്തിന് ശേഷം വ്യക്തമാക്കി.

തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിലെ വിജയം ആവശ്യമാണ്. പക്ഷേ അതിലേക്കുള്ള യാത്രയിലെ ആദ്യപടി മികച്ച സംഘടനാ സംവിധാനം കെട്ടിപ്പടുക്കലാണ് എന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. അതിനുള്ള സജീവശ്രമങ്ങള്‍ ചിന്തന്‍ ശിബിരത്തില്‍ ഉണ്ടാവുമെന്ന ആത്മവിശ്വാസമാണ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. പ്രത്യയശാസ്ത്രപരമായും സംഘടനാപരമായുമുള്ള വെല്ലുവിളികളെ നേരിടാന്‍ കോണ്‍ഗ്രസിനെ പ്രാപ്തമാക്കുന്നതിനുള്ള വിളംബരമാവണം ചിന്തന്‍ ശിബിരമെന്ന് സോണിയ നിര്‍ദേശിച്ചു. പാര്‍ട്ടി നമുക്കായി നല്‍കിയതിന് തിരികെ നല്‍കാനുള്ള സമയമാണിത്.

പാര്‍ട്ടി വേദികളില്‍ സ്വയം വിമര്‍ശനം വേണം. എന്നാല്‍, അത് വ്യക്തികളുടെ ആത്മവീര്യം തകര്‍ത്തുകൊണ്ടാവരുത്. ചിന്തന്‍ ശിബിരത്തെ വഴിപാടായി കാണരുത്. പ്രത്യയ ശാസ്ത്രപരമായും സംഘടനാ പരമായും കോണ്‍ഗ്രസിനെ വെല്ലുവിളി നേരിടാന്‍ പ്രാപ്തമാക്കുന്നതിനുള്ള വിളംബരമായി ശിബിരം മാറണമെന്നും സോണിയ ആമുഖപ്രസംഗത്തില്‍ പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തില്‍ 422 പ്രതിനിധികളുണ്ടാവും. 50 ശതമാനം പേര്‍ 50 വയസ്സിന് താഴെയുള്ളവര്‍. 21 ശതമാനം സ്ത്രീകള്‍. ആറ് സമിതികള്‍ സമര്‍പ്പിച്ച റിപോര്‍ട്ട് പരിഗണിച്ച് ചര്‍ച്ച നടത്തി മെയ് 15ന് ഉദയ്പൂര്‍ പ്രഖ്യാപനം നടത്തും.

Tags: