മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ല; മന്ത്രി വീണാ ജോര്‍ജ്

Update: 2025-06-28 13:13 GMT

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലെന്ന ഡോ ഹാരിസിന്റെ ആരോപണത്തില്‍ സമഗ്ര അന്വേഷണം നടത്തും. ഡാറ്റാ മാത്രമാണ് പറഞ്ഞതെന്നും ബാക്കി കാര്യങ്ങള്‍ അന്വേഷിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഇന്നലെ മൂന്ന് ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ടെന്നും അവസാനത്തെ ഒരു ശസ്ത്രക്രിയ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്റെ (ഡിഎംഇ) ചുമതല വഹിക്കുന്ന ഡോ വിഷ്ണുനാഥന്‍ അറിയിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഒരു പ്രോബിന് കേടുപാടുള്ളത് കൊണ്ടാണ് ഒരു ശസ്ത്രക്രിയ മുടങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി. ഇങ്ങനെയൊരു വിഷയം തന്റെ ശ്രദ്ധയില്‍ ഇല്ലെന്നും ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പ്രശ്നം എത്തിയിട്ടില്ലെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. ഡിഎംഇയുടെ ശ്രദ്ധയിലും ഈ വിഷയം ഇല്ല എന്നാണ് പറഞ്ഞത്. എന്താണെന്നുള്ളത് സമഗ്രമായി അന്വേഷിക്കും മന്ത്രി വ്യക്തമാക്കി.