സീറ്റ് വര്‍ധന വേണ്ട, മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചാല്‍ മതി; കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിപക്ഷ പ്രതിഷേധം ശക്തം
ന്യൂഡല്‍ഹി: ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷം ഒന്നടങ്കം രംഗത്ത്. നിലവിലുള്ള 543 മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ച് അതില്‍ വനിതാ സംവരണം നടപ്പാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. കേന്ദ്രത്തിന്റെ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്നും സീറ്റുകളുടെ എണ്ണം കൂട്ടാതെതന്നെ നിലവിലെ നിയമം അനുസരിച്ച് മണ്ഡല പുനര്‍നിര്‍ണയം നടത്താമെന്നും പ്രതിപക്ഷ എംപിമാര്‍ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങള്‍ക്കും 50% സീറ്റ് വര്‍ധന ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ഇത് വെറും വാക്കാലുള്ള ഉറപ്പ് മാത്രമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
2023ല്‍ പാസാക്കിയ വനിതാ സംവരണ നിയമം ഇന്നലെ രാത്രി ധൃതിപിടിച്ച് വിജ്ഞാപനം ചെയ്തതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. പ്രാബല്യത്തില്‍ ഇല്ലാതിരുന്ന ഒരു നിയമത്തില്‍ എങ്ങനെയാണ് ഭേദഗതി കൊണ്ടുവരിക എന്ന നിയമപരമായ ചോദ്യം കനിമൊഴി(ഡി.എം.കെ.) ഉന്നയിച്ചു. സഭയില്‍ ചര്‍ച്ച നടക്കുന്നതിനിടെ നിയമം നോട്ടിഫൈ ചെയ്തത് സഭയോടുള്ള അനാദരവാണെന്നും അവര്‍ ആരോപിച്ചു. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ കേരളം, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കാനുള്ള നീക്കമാണിതെന്ന് കനിമൊഴി പറഞ്ഞു. 1976-ല്‍ ഇന്ദിര ഗാന്ധി സര്‍ക്കാരും പിന്നീട് വാജ്പേയി സര്‍ക്കാരും സീറ്റുകളുടെ എണ്ണം മരവിപ്പിച്ചത് ജനസംഖ്യാ നിയന്ത്രണം പാലിക്കുന്ന സംസ്ഥാനങ്ങളെ സംരക്ഷിക്കാനായിരുന്നു. എന്നാല്‍, പുതിയ നീക്കം ഈ വാഗ്ദാനത്തിന്റെ ലംഘനമാണെന്നും വികസിത സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഭരണഘടനാ ഭേദഗതി പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നിലവില്‍ സര്‍ക്കാരിനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ക്കുന്ന സാഹചര്യത്തില്‍ മൂന്ന് ബില്ലുകളും പരാജയപ്പെടാന്‍ സാധ്യതയുണ്ട്. ഡീലിമിറ്റേഷന്‍ ബില്ല് മാത്രം പാസാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കിലും ഭരണഘടനാ ഭേദഗതിയില്ലാതെ അതിന് പ്രസക്തിയില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കറുത്ത വസ്ത്രം ധരിച്ചാണ് ഡിഎംകെ അംഗങ്ങള്‍ പ്രതിഷേധ സൂചകമായി സഭയിലെത്തിയത്. വിഷയത്തില്‍ സ്പീക്കര്‍ റൂളിംഗ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. സീറ്റ് വര്‍ധനവിലൂടെ ജനാധിപത്യ ഭൂപടം മാറ്റിവരയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

