ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
രാജ്യവ്യാപകമായി പൗരന്‍മാരുടെ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. എന്‍ആര്‍സി നടപ്പാക്കുന്നതിനെക്കുറിച്ചും അത് ജനങ്ങള്‍ക്ക് എങ്ങനെ അധികബാധ്യതയാകുമെന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ ഉയരുന്നില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുമോ എന്ന ചോദ്യത്തിനായിരുന്നു വിശദീകരണം. രാജ്യവ്യാപകമായി പൗരന്‍മാരുടെ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. എന്‍ആര്‍സി നടപ്പാക്കുന്നതിനെക്കുറിച്ചും അത് ജനങ്ങള്‍ക്ക് എങ്ങനെ അധികബാധ്യതയാകുമെന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഇപ്പോള്‍ ഉയരുന്നില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ എന്‍ആര്‍സി അസമില്‍ മാത്രമാണു നടപ്പാക്കിയത്. അതുകൊണ്ടു മറ്റു ചോദ്യങ്ങള്‍ക്കു പ്രസക്തിയില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിഎഎയെക്കുറിച്ച് പല സംസ്ഥാനങ്ങളിലും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പല മുഖ്യമന്ത്രിമാരുമായും തങ്ങള്‍ ബന്ധപ്പെട്ടിരുന്നു. അവരുടെ ആശങ്കകള്‍ പരിഹരിക്കാനും സര്‍ക്കാരിന്റെ നിലപാട് വിശദീകരിക്കാനും ശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ടുമാസമായി സിഎഎ, എന്‍ആര്‍സി എന്നിവയ്‌ക്കെതിരേ നടക്കുന്ന ശക്തമായ പ്രതിഷേധം തണുപ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോഴത്തെ നീക്കത്തിലൂടെ ശ്രമിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്. കേരളം, പഞ്ചാബ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ എന്‍ആര്‍സിക്കും എന്‍പിആറിനുമെതിരേ എതിര്‍പ്പ് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുമ്പോഴും എന്‍ആര്‍സി രാജ്യവ്യാപകമാക്കുമെന്ന പ്രസ്താവന നടത്തിയ അമിത് ഷാ ഇത് തിരുത്തിയിട്ടില്ല. എന്‍ആര്‍സി നടപ്പാക്കില്ലെന്ന് പറയുമ്പോഴും എന്‍പിആറിലൂടെ അത് നടപ്പാക്കുന്നതിനുവേണ്ടിയുള്ള അണിയറനടപടികള്‍ പുരോഗമിക്കുന്നതായ തെളിവുകള്‍ ഇതിനകംതന്നെ പുറത്തുവന്നിട്ടുണ്ട്. ഡിസംബറിലാണ് സിഎഎ പാര്‍ലമെന്റില്‍ പാസാക്കിയത്. എന്നാല്‍, പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇതിന്റെ കരടുനിയമങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തില്‍ ചൊവ്വാഴ്ച ലോക്‌സഭ നിര്‍ത്തിവച്ചു.

