വാഹനാപകടത്തിന് നഷ്ടപരിഹാരമില്ല, തമിഴ്നാട് ട്രാന്‍.കോര്‍പറേഷന്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് കോടതി

Update: 2026-02-22 07:41 GMT

പുത്തൂര്‍: വാഹനാപകടത്തില്‍ മരിച്ച യുവാവിന് കോടതി നിശ്ചയിച്ച നഷ്ടപരിഹാരത്തുക നല്‍കാത്തതിനെ തുടര്‍ന്ന് തമിഴ്‌നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നു തുക മരവിപ്പിച്ച് കോടതി ഉത്തരവ്. 25,79,317 രൂപ മരവിപ്പിക്കാനാണ് പുനലൂര്‍ മോട്ടോര്‍ ആക്സിഡന്റ് ട്രിബ്യൂണല്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

പുത്തൂര്‍ കാരിക്കല്‍ കോട്ടൂര്‍ വീട്ടില്‍ അഖിലി(20)ന്റെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. 2017-ല്‍ തെന്മലയില്‍ െവച്ചാണ് തമിഴ്‌നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വക ബസിടിച്ച് അഖില്‍ മരിച്ചത്. തുടര്‍ന്ന് പുനലൂര്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ മുന്‍പാകെ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.

2024-ല്‍ 18,10,200 രൂപയും കോടതിച്ചെലവും പലിശയും ഉള്‍പ്പെടെ 23,65,915 രൂപ അനുവദിച്ച് കുടുംബത്തിന് നല്‍കാനുള്ള ഉത്തരവുണ്ടായിരുന്നു. എന്നാല്‍ തുക കെട്ടിവയ്ക്കാന്‍ കമ്പനി തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് അഖിലിന്റെ അമ്മ എല്‍. ഗിരിജ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്നാണ് ഇന്‍ഷുറന്‍സ് ചെയ്തിട്ടില്ലാത്ത ബസിന്റെ ഉടമയായ തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെന്നൈ പാര്‍ക്ക് ടൗണ്‍ അക്കൗണ്ടില്‍നിന്ന് മുന്‍ തുകയും പലിശയുമുള്‍പ്പെടെയുള്ള തുക മരവിപ്പിക്കാന്‍ ഉത്തരവുണ്ടായത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി കൊട്ടാരക്കര ബാറിലെ അഭിഭാഷകനും പവിത്രേശ്വരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തോമസ് വര്‍ഗീസ് ഹാജരായി.