ലോക്ക് ഡൗണ്‍ കാലത്ത് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കരുതെന്ന് സുപ്രിംകോടതി

തൊഴിലാളിയും തൊഴില്‍ ദാതാവും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

Update: 2020-06-12 10:12 GMT

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലാളികള്‍ക്ക് മുഴുവന്‍ വേതനവും നല്‍കാത്ത സ്വകാര്യസ്ഥാപനങ്ങള്‍ക്കെതിരേ ജൂലൈ അവസാനംവരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് സുപ്രിംകോടതി. തൊഴിലാളിയും തൊഴില്‍ ദാതാവും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം.ആര്‍ ഷാ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ലോക്ക് ഡൗണ്‍ കാലയളവിലെ 54 ദിവസത്തെ മുഴുവന്‍ ശമ്പളവും നല്‍കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കിലും തൊഴിലാളിയും തൊഴില്‍ ദാതാവും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം.

ചര്‍ച്ചകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ സാഹചര്യം ഒരുക്കണം. തൊഴിലാളികള്‍ ഇല്ലാതെ ഒരു വ്യവസായവും നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി സ്വകാര്യസ്ഥാപനങ്ങള്‍ക്ക് അനുകൂലമായി വിധി പറഞ്ഞത്. തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനായില്ലെങ്കില്‍ ഉത്തരവാദത്തപ്പെട്ട തൊഴില്‍ഫോറങ്ങളെ സമീപിക്കാവുന്നതാണ്. വേതനം സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും ജോലിചെയ്യാന്‍ തയ്യാറുള്ളവരെ ജോലിചെയ്യാന്‍ അനുവദിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. ലോക്ക്ഡൗണ്‍ കാലത്തെ മുഴുവന്‍ ശമ്പളവും നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും ഉത്തരവുകള്‍ ചോദ്യംചെയ്ത് നല്‍കിയ ഹരജികളിലാണ് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്.

മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇറക്കിയ ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പിന്നീട് പിന്‍വലിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്തെ മുഴുവന്‍ ശമ്പളവും നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നിലവില്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രിംകോടതി നേരത്തെയും നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം ജൂലായ് അവസാനംവരെ നീണ്ടുനില്‍ക്കുമെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ജൂലായ് അവസാനം എത്ര കേസുകള്‍ ഒത്തുതീര്‍പ്പായെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. 

Tags: