ആംബുലന്‍സ് സൗകര്യം നല്‍കിയില്ല; ജാര്‍ഖണ്ഡില്‍ കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ബസ് യാത്ര
റാഞ്ചി: നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ബസില്‍ യാത്ര ചെയ്ത് കുടുംബം. ജാര്‍ഖണ്ഡിലെ ചൈബാസയില്‍ നിന്നാണ് ദാരുണമായ വാര്‍ത്ത പുറത്തുവരുന്നത്. അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാന്‍ തയ്യാറാകാത്തതാണ് കുടുംബത്തെ ഇത്തരം ഒരു നടപടിക്ക് പ്രേരിപ്പിച്ചത്. നോമുണ്ടി ബ്ലോക്കിലെ ബല്‍ജോരി സ്വദേശിയായ ഡിംബ ചതോംബയാണ് തന്റെ കുഞ്ഞിന്റെ മൃതദേഹവുമായി ദുരിതയാത്ര നടത്തിയത്.
സ്വന്തം നിലയില്‍ വാഹനം വിളിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് 20 രൂപയുടെ പ്ലാസ്റ്റിക് സഞ്ചി വാങ്ങി അതിനുള്ളില്‍ മൃതദേഹം ഒളിപ്പിച്ച് കുടുംബം ഗ്രാമത്തിലേക്ക് മടങ്ങിയത്. ശ്വാസതടസ്സത്തെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് കുഞ്ഞിനെ ചൈബാസയിലെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയിലിരിക്കെ കുഞ്ഞ് വെള്ളിയാഴ്ച മരിച്ചു. മൃതദേഹം വീട്ടിലെത്തിക്കാന്‍ വാഹനം വിട്ടുതരണമെന്ന് കുടുംബം അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. മണിക്കൂറുകളോളം കാത്തിരുന്ന വലഞ്ഞ കുടുംബാംഗങ്ങള്‍ ഒടുവില്‍ ബസില്‍ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
100 രൂപയായിരുന്നു ഇവരുടെ പക്കല്‍ ആകെ ഉണ്ടായിരുന്നത്. ഇതില്‍ 20 രൂപ മുടക്കി ഒരു പ്ലാസ്റ്റിക് സഞ്ചി വാങ്ങി കുഞ്ഞിന്റെ മൃതദേഹം അതിനുള്ളിലാക്കി ബസ്സില്‍ കയറി ഗ്രാമത്തിലേക്ക് തിരിക്കുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ ജാര്‍ഖണ്ഡ് ആരോഗ്യവകുപ്പ് മന്ത്രി ഇര്‍ഫാന്‍ അന്‍സാരി അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.