നിതീഷ്‌കുമാറിന് കനത്ത തിരിച്ചടി; അരുണാചലില്‍ ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

ഇതോടെ 60 അംഗ അരുണാചല്‍ നിയമസഭയില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് ഒറ്റ എംഎല്‍എയായി ചുരുങ്ങി. അതേസമയം, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിന്റെ ഒരംഗം ഉള്‍പ്പെടെ ബിജെപി പക്ഷത്ത് 48 എംഎല്‍എമാരായി. ബിഹാറിന് പിന്നാലെ നിതീഷ് കുമാറിന് അരുണാചല്‍ പ്രദേശിലും കനത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്.

Update: 2020-12-25 14:40 GMT

പട്‌ന: അരുണാചല്‍ പ്രദേശില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡില്‍ (ജെഡിയു) നിന്നും ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ 60 അംഗ അരുണാചല്‍ നിയമസഭയില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് ഒറ്റ എംഎല്‍എയായി ചുരുങ്ങി. അതേസമയം, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിന്റെ ഒരംഗം ഉള്‍പ്പെടെ ബിജെപി പക്ഷത്ത് 48 എംഎല്‍എമാരായി. ബിഹാറിന് പിന്നാലെ നിതീഷ് കുമാറിന് അരുണാചല്‍ പ്രദേശിലും കനത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്.

ജെഡിയു എംഎല്‍എമാരായ ഹയാങ് മങ്ഫി, ജിക്കേ താക്കോ, ഡോങ്‌റു സിയോങ്ജു, താലേം തബോ, കാംഗോങ് താക്കു, ദോര്‍ജീ വാങ്ഡി ഖര്‍മ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ജെഡിയു സംസ്ഥാന മേധാവിയോട് ആലോചിക്കാതെ നിയമസഭാ പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുത്തതിന്റെ പേരില്‍ ഇവരില്‍ മൂന്നുപേരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സസ്‌പെന്റ് ചെയ്യുകയും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. അരുണാചലില്‍ ജെഡിയു പ്രതിപക്ഷത്താണെങ്കിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കുകയായിരുന്നു.

ഏഴ് സീറ്റുകള്‍ നേടിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ജെഡിയുവിന് അരുണാചല്‍ പ്രദേശില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകാരം ലഭിച്ചത്. 41 സീറ്റുകള്‍ നേടിയ ബിജെപിക്ക് പിന്നില്‍ ഏഴ് സീറ്റുകളുമായി രണ്ടാം സ്ഥാനത്തായിരുന്നു പാര്‍ട്ടി. അതേസമയം, ബിജെപി വിശ്വാസവഞ്ചന കാട്ടിയെന്നാണ് ജെഡിയുവിന്റെ വിലയിരുത്തല്‍. എംഎല്‍എമാരുടെ നീക്കത്തില്‍ നിതീഷ് കുമാര്‍ അസ്വസ്ഥനാണെന്നാണ് റിപോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയിലും അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിലും ജനങ്ങള്‍ക്കുള്ള പ്രതീക്ഷയും വിശ്വാസവുമാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബിയുറാം വാഹെ പറഞ്ഞു.

Tags: