മരണവാറന്റിന് സ്റ്റേ; നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകും

പ്രതികളിലൊരാള്‍ ദയാഹരജി നല്‍കിയതിനെ തുടര്‍ന്നാണിത്. ഇതേ കോടതിയാണ് പ്രതികളുടെ മരണവാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളെ തൂക്കിലേറ്റുന്നതിന് മരണവാറണ്ട് പുറപ്പെടുവിച്ച ഉത്തരവ് പുനരവലോകനം ചെയ്യുന്നില്ല. എന്നാല്‍, ഒരു ദയാഹരജി നിലനില്‍ക്കുന്നതിനാല്‍ മരണവാറണ്ടിന് സ്റ്റേ നല്‍കുകയാണെന്ന് കോടതി പറഞ്ഞു.

Update: 2020-01-16 11:32 GMT

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുമെന്ന് ഉറപ്പായി. പ്രതികള്‍ക്ക് നല്‍കിയിരുന്ന മരണവാറന്റ് ഡല്‍ഹി തീസ് ഹസാരി കോടതി സ്റ്റേ ചെയ്തു. പ്രതികളിലൊരാള്‍ ദയാഹരജി നല്‍കിയതിനെ തുടര്‍ന്നാണിത്. ഇതേ കോടതിയാണ് പ്രതികളുടെ മരണവാറണ്ട് പുറപ്പെടുവിച്ചത്. പ്രതികളെ തൂക്കിലേറ്റുന്നതിന് മരണവാറണ്ട് പുറപ്പെടുവിച്ച ഉത്തരവ് പുനരവലോകനം ചെയ്യുന്നില്ല. എന്നാല്‍, ഒരു ദയാഹരജി നിലനില്‍ക്കുന്നതിനാല്‍ മരണവാറണ്ടിന് സ്റ്റേ നല്‍കുകയാണെന്ന് കോടതി പറഞ്ഞു. ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റില്ലെന്ന് അറിയിച്ചുക്കൊണ്ട് തിഹാര്‍ ജയില്‍ അധികൃതര്‍ റിപോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

വിചാരണക്കോടതി പുറപ്പെടുവിച്ച മരണവാറന്റ് പ്രകാരം ജനുവരി 22നായിരുന്നു നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍, മരണവാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ രണ്ടുപ്രതികള്‍ തിരുത്തല്‍ ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചു. കോടതി ഹരജി തള്ളിയതോടെ പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹരജിയുമായി രാഷ്ട്രപതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് മരണവാറന്റ് കോടതി സ്റ്റേ ചെയ്തത്. ജയില്‍ അധികൃതരോട് ശിക്ഷ നടപ്പാക്കുന്നതിന് പുതിയ തിയ്യതി അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതികളുടെ വധശിക്ഷ ഈമാസം 22ന് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

പ്രതി മുകേഷ്‌കുമാര്‍ സമര്‍പ്പിച്ചിരിക്കുന്ന ദയാഹരജിയില്‍ തീരുമാനമായ ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടിവരുമെന്ന് സര്‍ക്കാരും പോലിസും ഡല്‍ഹി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. മരണവാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മുകേഷ് സിങ്ങിന്റെ ഹരജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. അതേസമയം, നിര്‍ഭയ കേസ് പ്രതികളുടെ ദയാഹരജി തള്ളണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് ഡല്‍ഹി സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത്. വധശിക്ഷ നീട്ടിവയ്ക്കരുതെന്നു നിര്‍ഭയയുടെ അമ്മയും ആവശ്യപ്പെട്ടു.  

Tags:    

Similar News