നിര്‍ഭയ വധക്കേസ്: പ്രതികളുടെ വധശിക്ഷ നീളും; പൊട്ടിക്കരഞ്ഞ് മാതാവ്

മരണവാറന്റ് സംബന്ധിച്ച അപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിയതില്‍ നിരാശയുണ്ടെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. കോടതി തീരുമാനത്തില്‍ അതിയായ സങ്കടമുണ്ട്.

Update: 2019-12-18 15:26 GMT

ന്യൂഡല്‍ഹി: നിര്‍ഭയ വധക്കേസ് പ്രതികളുടെ വധശിക്ഷ ഇനിയും നീളും. മരണവാറന്റ്് നല്‍കുന്നത് സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ അപേക്ഷ പട്യാല ഹൗസ് അഡീഷനല്‍ സെഷന്‍സ് കോടതി ജനുവരി ഏഴിലേക്ക് മാറ്റിയതോടെയാണ് ശിക്ഷ നടപ്പാക്കല്‍ നീളുമെന്ന് ഉറപ്പായത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിങ് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളിയ സാഹചര്യത്തിലാണ് പ്രതികള്‍ക്ക് പുതിയ നോട്ടീസ് നല്‍കാന്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചത്. പ്രതികളിലൊരാളുടെ ഹരജി തള്ളിയ സുപ്രിംകോടതി വിധിയുടെ പകര്‍പ്പ് ലഭിക്കണമെന്നും സെഷന്‍സ് കോടതി ജഡ്ജി സതീഷ് കുമാര്‍ അറോറ വ്യക്തമാക്കി.

രാഷ്ട്രപതിക്ക് ദയാഹരജി നല്‍കുന്നത് സംബന്ധിച്ച് പ്രതികളുടെ പ്രതികരണം തേടാനും കോടതി തിഹാര്‍ ജയില്‍ അധികൃതരോട് നിര്‍ദേശിച്ചു. മരണവാറന്റ് സംബന്ധിച്ച അപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിയതില്‍ നിരാശയുണ്ടെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. കോടതി തീരുമാനത്തില്‍ അതിയായ സങ്കടമുണ്ട്. കുറ്റവാളികള്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കുന്നു. എന്തിന് അവരുടെ അവകാശങ്ങള്‍ പരിഗണിക്കണം. ഞങ്ങള്‍ക്ക് അവകാശങ്ങളില്ലേ. ഏഴുവര്‍ഷമായി നിയമപോരാട്ടം നടത്തുന്നു. ഞങ്ങളുടെ അവകാശങ്ങള്‍ പരിഗണിക്കപ്പെടുന്നില്ല. അടുത്ത വാദത്തിലും അന്തിമവിധി വരുമെന്ന് പ്രതീക്ഷയില്ല- പൊട്ടിക്കരഞ്ഞുകൊണ്ട് നിര്‍ഭയയുടെ മാതാവ് പറഞ്ഞു.

നിങ്ങളുടെ സങ്കടം മനസ്സിലാക്കുന്നുവെന്നും എന്നാല്‍ നിയമത്തിന്റെ എല്ലാ വഴിയും പാലിക്കണമെന്നും കരയുന്ന നിര്‍ഭയയുടെ മാതാവിനെ ആശ്വസിപ്പിച്ചുകൊണ്ട് കോടതി മറുപടി നല്‍കി. എനിക്ക് നിങ്ങളോട് പൂര്‍ണസഹതാപമുണ്ട്. നിങ്ങളുടെ മകള്‍ മരിച്ചുവെന്ന് അറിയാം. പക്ഷേ, പ്രതികള്‍ക്കും അവകാശങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2012 ഡിസംബര്‍ 16 രാത്രിയാണ് ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ബലാല്‍സംഗത്തിനും ക്രൂരമായ ആക്രമണത്തിനും ഇരയായത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനി ഡിസംബര്‍ 29ന് സിംഗപ്പൂരില്‍ ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു. 

Tags: