ശബരിമല പുനപ്പരിശോധനാ ഹരജികള്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും

മതസ്വാതന്ത്ര്യം, തുല്യത എന്നിവ വ്യക്തമാക്കുന്ന ഭരണഘടനാ അനുച്ഛേദങ്ങള്‍ തമ്മിലുള്ള പാരസ്പര്യം, ഭരണഘടനാ ധാര്‍മികതയുടെ വ്യഖ്യാനം, ഒരു വിഭാഗം ഹിന്ദുക്കള്‍ എന്ന 25ാം അനുച്ഛേദത്തിലെ പരാമര്‍ശത്തിന്റെ വ്യഖ്യാനമെന്ത് തുടങ്ങിയ ചോദ്യങ്ങളാണ് ബെഞ്ച് ഉന്നയിച്ചത്.

Update: 2020-01-06 16:09 GMT

ന്യൂഡല്‍ഹി: ശബരിമല പുനപ്പരിശോധനാ ഹരജികളില്‍ വാദം തുടങ്ങുന്ന തിയ്യതി പ്രഖ്യാപിച്ച് സുപ്രിംകോടതി. വരുന്ന തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് പുനപ്പരിശോധന ഹരജികള്‍ പരിഗണിക്കുക. ആരൊക്കെയാവും ബഞ്ചിലെന്ന് ഇപ്പോള്‍ കോടതി വ്യക്തമാക്കിയിട്ടില്ല. കേസ് ജനുവരി 13ന് ഒമ്പതംഗ ഭരണഘടനാ ബഞ്ചിന് മുമ്പാകെ വാദം കേട്ടുതുടങ്ങുമെന്നാണ് ലിസ്റ്റിങ് ചുമതലയുള്ള പ്രത്യേക ഓഫിസര്‍ക്ക് അയച്ച നോട്ടീസില്‍ സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. യുവതീ പ്രവേശനത്തില്‍ അഞ്ചംഗ ബെഞ്ച് കഴിഞ്ഞ നവംബറില്‍ ഉന്നയിച്ച ഏഴു പ്രധാന ചോദ്യങ്ങളാണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നത്. മതസ്വാതന്ത്ര്യം, തുല്യത എന്നിവ വ്യക്തമാക്കുന്ന ഭരണഘടനാ അനുച്ഛേദങ്ങള്‍ തമ്മിലുള്ള പാരസ്പര്യം, ഭരണഘടനാ ധാര്‍മികതയുടെ വ്യഖ്യാനം, ഒരു വിഭാഗം ഹിന്ദുക്കള്‍ എന്ന 25ാം അനുച്ഛേദത്തിലെ പരാമര്‍ശത്തിന്റെ വ്യഖ്യാനമെന്ത് തുടങ്ങിയ ചോദ്യങ്ങളാണ് ബെഞ്ച് ഉന്നയിച്ചത്.

വിപുലമായ ബഞ്ചിന്റെ തീരുമാനം വന്ന ശേഷം യുവതീ പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കാമെന്നാണ് കോടതി നിലപാട്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ഗൗരവമുള്ളതാണെന്നും സ്ഥിതി വഷളാക്കാന്‍ കോടതി ഉദ്ദേശിക്കുന്നില്ലെന്നും ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും നല്‍കിയ ഹരജികള്‍ പരിഗണിക്കവെ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. പുനപ്പരിശോധനാ ഹരജിയുമായി ബന്ധപ്പെട്ട് കേസില്‍ സ്വന്തം വാദങ്ങളുമായി ബന്ധപ്പെട്ട് കക്ഷികള്‍ നാലുസെറ്റ് രേഖകള്‍കൂടി ഉടന്‍ കോടതിയില്‍ നല്‍കണമെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രി നേരത്തേ നോട്ടീസ് പുറത്തിറക്കിയിരുന്നു. 

Tags:    

Similar News