നീറ്റ് പരീക്ഷാപ്പേടി: തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി; ഒരാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് മൂന്നുപേര്‍

പരീക്ഷയില്‍ തോല്‍ക്കുമോയെന്ന് ഭയപ്പെടുന്നതായി ആത്മഹത്യാക്കകുറുപ്പില്‍ ജ്യോതി ദുര്‍ഗ പറയുന്നു. പരീക്ഷയ്ക്കായി നന്നായി തയ്യാറായിട്ടുണ്ട്. പക്ഷേ, ഇപ്പോഴും ഭയപ്പെടുന്നു... എനിക്ക് മെഡിക്കല്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ എന്തുചെയ്യും. എല്ലാവരെയും ഞാന്‍ നിരാശപ്പെടുത്തും- ജ്യോതി ദുര്‍ഗ ആത്മഹത്യാകുറിപ്പില്‍ എഴുതി.

Update: 2020-09-12 18:52 GMT

ചെന്നൈ: നീറ്റ് പ്രവേശന പരീക്ഷ ഞായറാഴ്ച നടക്കാനിരിക്കെ പരീക്ഷാപ്പേടിയില്‍ തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി. മധുര സ്വദേശി ജ്യോതി ദുര്‍ഗയെയാണ് (19) മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ നീറ്റ് പരീക്ഷയുടെ സമ്മര്‍ദത്തില്‍ ഒരാഴ്ചയ്ക്കിടെ ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ എണ്ണം മൂന്നായി. തമിഴ്നാട്ടില്‍ അരിയാളൂര്‍ ജില്ലയില്‍ വിഗ്‌നേശ് എന്ന വിദ്യാര്‍ഥിയാണ് നീറ്റ് പേടിയില്‍ കഴിഞ്ഞദിവസം ജീവനൊടുക്കിയത്. പരീക്ഷയില്‍ തോല്‍ക്കുമോയെന്ന് ഭയപ്പെടുന്നതായി ആത്മഹത്യാക്കകുറുപ്പില്‍ ജ്യോതി ദുര്‍ഗ പറയുന്നു.

പരീക്ഷയ്ക്കായി നന്നായി തയ്യാറായിട്ടുണ്ട്. പക്ഷേ, ഇപ്പോഴും ഭയപ്പെടുന്നു... എനിക്ക് മെഡിക്കല്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ എന്തുചെയ്യും. എല്ലാവരെയും ഞാന്‍ നിരാശപ്പെടുത്തും- ജ്യോതി ദുര്‍ഗ ആത്മഹത്യാകുറിപ്പില്‍ എഴുതി. മെഡിക്കല്‍ കോളജില്‍ സീറ്റ് നേടുന്നതില്‍ പരാജയപ്പെട്ടാല്‍ കുടുംബത്തിന്റെ കഠിനാധ്വാനമെല്ലാം വെറുതെയാവുമെന്ന് അമ്മായിയെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കുറിപ്പില്‍ ജ്യോതി പറയുന്നു. കുടുംബാംഗങ്ങള്‍ക്ക് ശബ്ദസന്ദേശവും പെണ്‍കുട്ടി അയച്ചു. ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തതിന് കുടുംബത്തോട് ഓഡിയോയിലൂടെ ജ്യോതി ക്ഷമചോദിക്കുകയും ചെയ്യുന്നുണ്ട്.

നീറ്റ് ആദ്യ ശ്രമത്തില്‍ വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ജ്യോതി ദുര്‍ഗ രണ്ടാംശ്രമത്തിനായി പരിശീലനത്തിന് പോയിരുന്നു. എന്നാല്‍, മികച്ച കോളജില്‍ പ്രവേശനം കിട്ടുമമോയെന്ന കാര്യത്തില്‍ ജ്യോതി അങ്ങേയറ്റം ആശങ്കയിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ജ്യോതി ദുര്‍ഗയുടെ പിതാവ് പോലിസ് സബ് ഇന്‍സ്‌പെക്ടറാണ്. നീതി വേണമെന്നാവശ്യപ്പെട്ട് ജ്യോതിയുടെ ബന്ധുക്കളും നാട്ടുകാരും മധുരയില്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. പ്ലസ്ടു പരീക്ഷയ്ക്ക് ഉന്നതമാര്‍ക്ക് നേടിയ വിദ്യാര്‍ഥികളാണ് നീറ്റ് പേടിയില്‍ ജീവനൊടുക്കിയിരിക്കുന്നത്. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം മെഡിക്കല്‍ പ്രവേശനം നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.