കാർഷിക കുംഭകോണത്തെക്കുറിച്ചുള്ള റിപോർട്ട്; ത്രിപുരയിൽ പത്രം പിടിച്ചെടുത്ത് കത്തിച്ചു

ഞങ്ങൾ നിരവധി റിപോർട്ടുകൾ പ്രസിദ്ധീകരിച്ചു, അതിൽ കൃഷി മന്ത്രി പ്രണജിത് സിങ്ക റോയിയുടെ പേര് പരാമർശിച്ചിരുന്നെന്ന് പ്രതിബാദി കലാം എഡിറ്റർ അനോൾ റോയ് ചൗധരി

Update: 2020-11-08 10:38 GMT

അ​ഗർത്തല: ത്രിപുരയിലെ ഗോമതി ജില്ലയിൽ പ്രാദേശിക പത്രത്തിന്റെ 6,000 കോപ്പികൾ ബസ്സുകളിൽ നിന്ന് തട്ടിയെടുത്ത ശേഷം നശിപ്പിച്ചു. കാർഷിക അഴിമതിയെക്കുറിച്ചുള്ള റിപോർട്ട് ചെയ്തതിനെ തുടർന്നാണ് സംഭവമെന്ന് പത്രത്തിന്റെ എഡിറ്റർ ആരോപിച്ചു. പ്രതിബാദി കലാം എന്ന പത്രത്തിന്റെ കോപ്പികളാണ് പിടിച്ചെടുത്ത് ഒരു സംഘം കത്തിച്ചത്.

ഞങ്ങൾ നിരവധി റിപോർട്ടുകൾ പ്രസിദ്ധീകരിച്ചു, അതിൽ കൃഷി മന്ത്രി പ്രണജിത് സിങ്ക റോയിയുടെ പേര് പരാമർശിച്ചിരുന്നെന്ന് പ്രതിബാദി കലാം എഡിറ്റർ അനോൾ റോയ് ചൗധരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി പത്രം ഈ അഴിമതി വാർത്ത റിപോർട്ട് ചെയ്തിട്ടുണ്ട്. 150 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഗർത്തലയിൽ നിന്ന് സബ്രൂമിലേക്ക് പോവുകയായിരുന്ന ബസ്സിൽ നിന്ന് അവർ പത്രങ്ങൾ ബലമായി ഇറക്കി റോഡിലിട്ട് കത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലിസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ തിരിച്ചറിയാൻ പോലിസ് ശ്രമിക്കുകയാണെന്ന് ത്രിപുര ഡിജിപി രാജീവ് സിങ് പറഞ്ഞു.