മഹാരാഷ്ട്രയില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സംവരണം പ്രഖ്യാപിച്ച് എന്‍സിപി മന്ത്രി; എതിര്‍പ്പുമായി ശിവസേന രംഗത്ത്

മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി മന്ത്രിസഭയിലെ എന്‍സിപി അംഗമായ നവാബ് മാലിക് നിയമസഭയിലാണ് സംവരണം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം നടത്തിയത്. സ്‌കൂളുകളില്‍ അഡ്മിഷന്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

Update: 2020-02-28 14:24 GMT

മുംബൈ: വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് അഞ്ചുശതമാനം സംവരണം ഏര്‍പ്പെടുത്താനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നല്‍കുന്നതിനുള്ള പുതിയ ബില്‍ ഉടന്‍തന്നെ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് ന്യൂനപക്ഷകാര്യമന്ത്രി നവാബ് മാലിക്ക് അറിയിച്ചു. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി മന്ത്രിസഭയിലെ എന്‍സിപി അംഗമായ നവാബ് മാലിക് നിയമസഭയിലാണ് സംവരണം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം നടത്തിയത്. സ്‌കൂളുകളില്‍ അഡ്മിഷന്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

തൊഴില്‍മേഖലയിലും സംവരണം കൊണ്ടുവരുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നും മാലിക് അറിയിച്ചു. കോണ്‍ഗ്രസ് നിയമസഭാംഗം ശരദ് റാന്‍പൈസ് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് മാലിക് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സംവരണം പ്രഖ്യാപിച്ച എന്‍സിപി മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ സഖ്യസര്‍ക്കാരിലെ കക്ഷിയായ ശിവസേന രംഗത്തെത്തി. അത്തരമൊരു തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് മന്ത്രിസഭയിലെ ശിവസേന അംഗവും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ ഏകനാഥ് ഷിന്‍ഡെ വ്യക്തമാക്കി. ഇക്കാര്യം മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

മാലികിന്റെ നിയമസഭയിലെ പ്രസ്താവന തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ല. ഏതെങ്കിലും സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് മഹാവികാസ് അഘാടി സഖ്യത്തിലെ നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും നിലവില്‍ അത്തരത്തില്‍ യാതൊരു തീരുമാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News