ലോക്ക് ഡൗണിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അവകാശലംഘനങ്ങളെ അപലപിച്ച് എന്‍സിഎച്ച്ആര്‍ഒ

ഇന്ത്യയില്‍ നിയമം കൈയിലെടുത്ത് മനുഷ്യാവകാശലംഘനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരമാണിതെന്ന് പോലിസ് കരുതരുത്‌

Update: 2020-04-04 14:51 GMT

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പേരില്‍ ഇന്ത്യയിലുടനീളം നിരവധി പ്രശ്‌നങ്ങളും നിയമലംഘനങ്ങളുമാണ് അരങ്ങേറുന്നതെന്ന് നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ). മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെയും ബദല്‍ക്രമീകരണങ്ങള്‍ നടത്താതെയും നഗരങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഗതാഗതസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയുമാണ് കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പാവപ്പെട്ടവരും താഴേക്കിടയിലുള്ളവരുമായ ജനസമൂഹം ജന്‍മനാടുകളിലെത്തുന്നതിനായി തങ്ങളുടെ വലിയ ലഗേജുകളും മക്കളെയും തോളിലും തലയിലുമേറ്റി നൂറുകണക്കിന് മൈലുകള്‍ സഞ്ചരിക്കാന്‍ നിര്‍ബന്ധിതമാവുന്നത് നാം കണ്ടതാണ്. യാത്രയ്ക്കിടയില്‍ ഇരുപതോളം പേര്‍ റോഡപകടങ്ങളിലും പട്ടിണിയും ദാഹവുംമൂലം മരണപ്പെടുന്ന വാര്‍ത്തകളാണ് ആദ്യദിവസങ്ങളിലുണ്ടായതെന്ന് എന്‍സിഎച്ച്ആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ആളുകള്‍ക്ക് ദൈനംദിനജീവിതോപാദികളായ പലചരക്ക് സാധനങ്ങള്‍, മരുന്നുകള്‍, മറ്റ് സാധനങ്ങള്‍ എന്നിവ വാങ്ങാന്‍ കടകളിലേക്ക് ഓടേണ്ടിവരുന്നു.

അതിശയകരമെന്നു പറയട്ടെ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും അത്യാവശ്യവസ്തുക്കള്‍ വാങ്ങാനെത്തിയ ആളുകളെ പോലിസ് മര്‍ദിക്കുന്നത് കാണാം. ലോക്ക് ഔട്ട് നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ആയിരക്കണക്കിന് കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. മനുഷ്യരെന്ന പരിഗണനപോലും നല്‍കാതെ പാവപ്പെട്ടവരുടെ മേല്‍ അനുനാശിനി തളിക്കുന്ന ദൃശ്യങ്ങള്‍ ഏറെ ഞെട്ടലോടെയാണ് ജനങ്ങള്‍ കണ്ടത്. നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ചില സംസ്ഥാനങ്ങളില്‍ വൃദ്ധരായവരെ പോലും പോലിസ് മര്‍ദിക്കുകയുണ്ടായി. ഇവയെല്ലാം കടുത്ത മനുഷ്യാവകാശലംഘനവും പൗരന്‍മാരുടെ മൗലിക അന്തസ്സിന് വിരുദ്ധവുമാണ്.

ഭരണഘടനയില്‍ നിര്‍വചിച്ചിരിക്കുന്ന പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട നിയമപാലകര്‍ അത്തരത്തില്‍ പെരുമാറരുത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സുപ്രിംകോടതിയുടെയും ഇന്ത്യയിലെ ഹൈക്കോടതികളുടെയും ജില്ലാ കോടതികളുടെയും പ്രവര്‍ത്തനം ഏപ്രില്‍ 14 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ത്യയില്‍ നിയമം കൈയിലെടുത്ത് മനുഷ്യാവകാശലംഘനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരമാണിതെന്ന് പോലിസ് കരുതരുതെന്നും എന്‍സിഎച്ച്ആര്‍ഒ ഓര്‍മപ്പെടുത്തി.  

Tags:    

Similar News