അതിഥി തൊഴിലാളികളെ സുരക്ഷിതരായി മടക്കി അയച്ച കേരളത്തിന് നന്ദി അറിയിച്ച് ഒഡീഷ സര്‍ക്കാര്‍

1,150 അതിഥി തൊഴിലാളികളുമായാണ് പ്രത്യേക ട്രെയിന്‍ ഞായറാഴ്ച ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കെത്തിയത്.

Update: 2020-05-04 05:44 GMT

ഭുവനേശ്വര്‍: കേരളത്തില്‍നിന്ന് അതിഥി തൊഴിലാളികളുമായി പുറപ്പെട്ട ആദ്യട്രെയിന്‍ ഞായറാഴ്ച രാവിലെയാണ് ഒഡീഷയിലെ ഭുവനേശ്വറിലെത്തിയതിന് പിന്നാലെ കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി അറിയിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. കൊവിഡ് കാലത്ത് സംസ്ഥാനത്തുനിന്നുള്ള തൊഴിലാളികളെ സംരക്ഷിച്ചതിനും സുരക്ഷിതമായി തിരികെയെത്തിക്കാന്‍ സഹായിച്ചതിനും കേരളത്തിനും മുഖ്യമന്ത്രിക്കും നന്ദി അറിയിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. റെയില്‍വേ അധികൃതര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. 1,150 അതിഥി തൊഴിലാളികളുമായാണ് പ്രത്യേക ട്രെയിന്‍ ഞായറാഴ്ച ഗഞ്ചാം ജില്ലയിലെ ജഗന്നാഥ്പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കെത്തിയത്.

കണ്ഡമാല്‍, ഗഞ്ചാം, റായഗഡ, ബൗദ്ധ നബരംഗപൂര്‍, ഗജപതി കോരാപുട്ട് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ ജഗന്നാഥ്പൂര്‍ സ്റ്റേഷനിലും ബാക്കിയുള്ള ആളുകള്‍ ഖുര്‍ദ സ്റ്റേഷനിലും ഇറക്കി. കേരളത്തില്‍നിന്നെത്തിയവരെ പ്രാഥമികപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം 26 പ്രത്യേക ബസ്സുകളിലും കാറുകളിലുമായി ജില്ലാ ഭരണകൂടം സ്വന്തം നാടുകളിലേക്ക് അയച്ചു. ഓപറേഷന്‍ 'ശുഭദ്രയാത്ര'യുടെ ഭാഗമായി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരുമായി കൂടുതല്‍ ട്രെയിനുകള്‍ ഒഡീഷയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags: