കര്‍ഷക സംഘടനകളുടെ രാജ്യവ്യാപക റെയില്‍വേ ഉപരോധം ഇന്ന്; നാല് മണിക്കൂര്‍ ട്രെയിന്‍ തടയും

Update: 2024-03-10 06:42 GMT

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക ട്രെയിന്‍ തടയല്‍ ഇന്ന്. പഞ്ചാബിലും ഹരിയാനായിലുമായി ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് നാല് വരെ 60 ഇടങ്ങളില്‍ കര്‍ഷകര്‍ ട്രെയിന്‍ തടയും. ഇതില്‍ 50 മേഖലകളും പഞ്ചാബിലാണെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. റെയില്‍ റോക്കോയ്ക്ക് മുന്നോടിയായി അംബാലയില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ഷക സമരത്തിനിടെ കൊല്ലപ്പെട്ട ശുഭ്കരണ്‍ സിങ്ങിന് നീതി ലഭിക്കുന്നതിന് വേണ്ടിയാണ് ട്രെയിന്‍ തടയല്‍. കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും (കെഎംഎം) സംയുക്ത കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) ആണ് റെയില്‍ റോക്കോയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. പല കര്‍ഷക സംഘടനകളുടേയും നേതാക്കളുടെ വീടുകളില്‍ പോലിസ് എത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'റെയില്‍ റോക്കോ മൂലം യാത്രക്കാര്‍ക്ക് ഉണ്ടാകാന്‍ പോകുന്ന ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ മനസിലാക്കുന്നു. പക്ഷേ സമരം മാര്‍ച്ച് മൂന്നിന് പ്രഖ്യാപിച്ചതാണ്. പ്രതിഷേധ സമയത്ത് ദയവായി റെയില്‍വെ സ്റ്റേഷനുകളില്‍ കാത്തിരിക്കാന്‍ യാത്രക്കാരോട് അഭ്യര്‍ഥിക്കുന്നു. യാത്രകള്‍ 12 മണിക്ക് മുന്‍പും നാല് മണിക്ക് ശേഷവും ക്രമീകരിക്കുക.''ഡല്‍ഹിയിലേക്ക് നീങ്ങാന്‍ ഞങ്ങളെ അനുവദിക്കുന്നില്ല, കുറഞ്ഞത് ഡല്‍ഹിയിലേക്കുള്ള ട്രെയിനുകളെങ്കിലും തടയാന്‍ സാധിക്കുമല്ലോ. പ്രധാന റെയില്‍വെ ലൈനുകള്‍ മാത്രമല്ല, ഇന്റര്‍ സിറ്റിയും തടയും. ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ 10 മേഖലകളിലും പ്രതിഷേധമുണ്ടാകും'- കിസാന്‍ മസ്ദൂര്‍ മോര്‍ച്ച സര്‍വാന്‍ സിങ് വ്യക്തമാക്കി.

കര്‍ഷകരുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ആലോചനയില്ലെന്നും എന്നാല്‍ വിഷയത്തില്‍ പെട്ടെന്ന് തന്നെ പരിഹാരം കാണുമെന്നും നേരത്തെ കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ടേ പറഞ്ഞിരുന്നു. അതേസമയം, ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി അടച്ച സിംഗു, ടിക്രി അതിര്‍ത്തികള്‍ രണ്ടാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ഭാഗികമായി തുറന്നു. ഫെബ്രുവരി 13നായിരുന്നു അതിര്‍ത്തികള്‍ അടച്ചിരുന്നത്.






Tags:    

Similar News