കൊവിഡ് ലോക്ക്ഡൗണ്‍ കാര്‍ഷിക മേഖലയെ ബാധിച്ചു എന്നതിന് രേഖകളില്ലെന്ന് കേന്ദ്രം

ലോക്ക്ഡൗണ്‍ ചെറുകിട കര്‍ഷകരെ എങ്ങനെ ബാധിച്ചു എന്ന ചോദ്യത്തിന് അതുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും കൈവശമില്ലെന്നായിരുന്നു കൃഷി മന്ത്രിയുടെ പ്രതികരണം.

Update: 2021-02-12 17:00 GMT

ന്യൂഡല്‍ഹി: കൊവിഡ് ലോക്ക്ഡൗണ്‍ കാര്‍ഷിക മേഖലയേയും ചെറുകിട കര്‍ഷകരെയും എങ്ങനെ ബാധിച്ചു എന്നത് സംബന്ധിച്ച രേഖകളൊന്നും കേന്ദ്രത്തിന്റെ പക്കല്‍ ഇല്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. രാജ്യസഭയില്‍ എംവി ശ്രയാംസ് കുമാര്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം ലോക്ക്ഡൗണ്‍ കര്‍ഷകരെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും തോമര്‍ അവകാശപ്പെട്ടു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും അത് കര്‍ഷക മേഖലയ്ക്ക് വെല്ലുവിളിയാകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നു. കാര്‍ഷിക മേഖലയ്ക്കും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഇളവും പ്രഖ്യാപിച്ചിരുന്നു. കൊയ്ത്ത് യന്ത്രങ്ങള്‍, കീടനാശിനികള്‍, വളം, വിത്ത് തുടങ്ങിയവ ലഭ്യമാക്കുവാന്‍ വേണ്ടുന്ന നടപടികള്‍ കേന്ദ്രം സ്വീകരിച്ചു. അതേസമയം ലോക്ക്ഡൗണ്‍ ചെറുകിട കര്‍ഷകരെ എങ്ങനെ ബാധിച്ചു എന്ന ചോദ്യത്തിന് അതുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും കൈവശമില്ലെന്നായിരുന്നു കൃഷി മന്ത്രിയുടെ പ്രതികരണം.

രാജ്യത്ത് പക്ഷിപ്പനി മൂലം ചെറുകിട കര്‍ഷകര്‍ക്കുണ്ടായ നഷ്ടത്തെക്കുറിച്ചും പ്രശ്‌നത്തില്‍ എടുത്ത നടപടികളെ കുറിച്ചും എംപി ശ്രേയസ് കുമാര്‍ രാജ്യസഭയില്‍ ചോദ്യമുയര്‍ത്തി. കേന്ദ്ര സഹമന്ത്രി സഞ്ജീവ് കുമാര്‍ ബല്യനാണ് ചോദ്യത്തിന് ഉത്തരം നല്‍കിയത്. പക്ഷിപ്പനി മൂലം 4,49,271 പക്ഷികളെ കൊന്നൊടിക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം പക്ഷി വളര്‍ത്തല്‍ മേഖലയ്ക്ക് ഏറ്റ ആഘാതം എത്രയാണെന്ന് വെളിപ്പെടുത്തുന്ന കണക്കുകള്‍ ഒന്നും സംസ്ഥാനങ്ങളില്‍ നിന്നോ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നോ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ പക്ഷിപ്പനിയുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുകയും രോഗബാധ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പടെ നല്‍കുകയും ചെയ്തു. പക്ഷിപ്പനിക്കെതിരോ രാജ്യ വ്യാപകമായി ജാഗ്രത തുടരുകയാണെന്നും കേന്ദ്ര സഹമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശത്തുള്ള പക്ഷികളെ ഉള്‍പ്പടെ കൊന്നൊടുക്കാനായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം. ഇത് പക്ഷി വളര്‍ത്തല്‍ മേഖലയെ സാരമായി തന്നെ തളര്‍ത്തി. പക്ഷിപ്പനി ഭയന്ന് കോഴി, താറാവ് എന്നിവയെ മേടിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ലോക്ക്ഡൗണിന് പുറകെ പക്ഷിവളര്‍ത്തല്‍ മേഖലയില്‍ ഉള്ളവര്‍ക്ക് നേരെയുണ്ടായ മറ്റൊരടിയായിരുന്നു പക്ഷിപ്പനി.

Similar News