12ാമത് ബ്രിക്‌സ് വെര്‍ച്വല്‍ ഉച്ചകോടി ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും

മോദിക്കു പുറമേ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ എന്നിവര്‍ പങ്കെടുക്കും.

Update: 2020-11-17 05:37 GMT

ന്യൂഡല്‍ഹി: റഷ്യ ആതിഥേയത്വം വഹിക്കുന്ന 12ാമത് ബ്രിക്‌സ് ഉച്ചകോടി ഇന്ന് നടക്കും. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. മോദിക്കു പുറമേ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ എന്നിവര്‍ പങ്കെടുക്കും.

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ആറുമാസമായി തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടാംതവണയാണ് മോദിയും ഷി ജിന്‍ പിങ്ങും ഒരേ വേദിയിലെത്തുന്നത്. കഴിഞ്ഞയാഴ്ച നടന്ന ഷാങ്ഹായി ഉച്ചകോടിയിലും ഇരുരാഷ്ട്രത്തലവന്‍മാരും ഒന്നിച്ച് പങ്കെടുത്തിരുന്നു. ഷാങ്ഹായ് സഹകരണസംഘടനയിലെ എല്ലാ അംഗരാജ്യങ്ങളും പരസ്പരം പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കണമെന്ന് മോദി അന്ന് പറഞ്ഞിരുന്നു.

3.6 ബില്യന്‍ ജനങ്ങളെ അല്ലെങ്കില്‍ ലോകജനസംഖ്യയുടെ പകുതിയെ പ്രതിനിധീകരിക്കുന്ന സ്വാധീനമുള്ള ഒരു ഗ്രൂപ്പായാണ് ബ്രിക്‌സ് അറിയപ്പെടുന്നത്. ബ്രിക്‌സ് രാജ്യങ്ങളുടെ മൊത്തം ജിഡിപി 16.6 ട്രില്യണ്‍ യുഎസ് ഡോളറാണ്. നിലവിലെ കൊവിഡ് -19 മഹാമാരിയുടെ ആഘാതം ലഘൂകരിക്കാനുള്ള നടപടികള്‍, ഭീകരവാദത്തിനെതിരായ സഹകരണം, വ്യാപാരം, ആരോഗ്യം, ഊര്‍ജം തുടങ്ങി വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും.

Tags: