രണ്ട് മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേര്; കോണ്‍ഗ്രസ് നേതാവ് പവന്‍ഖേരയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

Update: 2025-09-02 13:43 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയച്ച് ന്യൂഡല്‍ഹിയിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ് (ഡിഇഒ). രണ്ട് വ്യത്യസ്ത നിയമസഭാമണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ പവന്‍ ഖേരയുടെ പേരുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വോട്ട്മോഷണ ആരോപണത്തിനിടെയാണ് പാര്‍ട്ടി ദേശീയവക്താവായ പവന്‍ ഖേരയ്ക്ക് രണ്ട് ഇപിഐസി നമ്പറുകളുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയത്.

ന്യൂഡല്‍ഹി മണ്ഡലത്തിലെയും ജംഗ്പുര മണ്ഡലത്തിലെയും വോട്ടര്‍പട്ടികകളിലാണ് വെവ്വേറെ വിലാസങ്ങളില്‍ അദ്ദേഹത്തിന്റെ പേരുള്ളത്. 1950-ലെ ജനപ്രാതിധ്യ നിയമപ്രകാരം, ഒന്നിലേറെ മണ്ഡലങ്ങളില്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടാകുന്നത് ശിക്ഷലഭിക്കാവുന്ന കുറ്റമാണെന്നും ഡിഇഒ കാരണംകാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ എട്ടാം തിയ്യതി രാവിലെ 11 മണിക്കുള്ളില്‍ കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കണമെന്നും ഡിഇഒ നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍, തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പവന്‍ ഖേര പ്രതികരിച്ചു. രണ്ടാമതൊരു വോട്ടര്‍ ലിസ്റ്റില്‍കൂടി പേരുണ്ടെന്ന കാര്യം ബിജെപി ആരോപണം ഉന്നയിച്ചപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016-17 കാലത്ത് ന്യൂഡല്‍ഹി മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍നിന്ന് പേരു നീക്കംചെയ്യാനുള്ള അപേക്ഷ കൊടുത്തിരുന്നു. എന്നാല്‍, ആ പ്രക്രിയ പൂര്‍ത്തിയായിരുന്നില്ലെന്നാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വോട്ടര്‍ പട്ടികയുടെ സമഗ്രത നിലനിര്‍ത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടെന്ന് മാളവ്യയുടെ പ്രതികരണത്തിലൂടെ സമ്മതിച്ചിരിക്കുകയാണെന്ന് പവന്‍ ഖേര എക്‌സില്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷനേത്തന്നെയാണ് പ്രതിക്കൂട്ടിലാക്കുന്നതെന്നും പവന്‍ ഖേര കുറിപ്പില്‍ പറയുന്നു.







Tags: