മധുരയില്‍ 'നാം തമിഴര്‍ പാര്‍ട്ടി' പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; തുടര്‍ച്ചയായ മൂന്നാം കൊലപാതകം
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. എന്‍ടികെ പാര്‍ട്ടിയുടെ മധുര നോര്‍ത്ത് ജില്ലാ ഡെപ്യൂട്ടി സെക്രട്ടറി ബാലസുബ്രഹ്‌മണ്യനാണ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ഒരുസംഘം ആളുകള്‍ എത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാം തമിഴര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിരുന്നു ബാലസുബ്രഹ്‌മണ്യന്‍. അതേസമയം വ്യക്തിവൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ചൊക്കിക്കുളത്തെ വല്ലഭായി റോഡില്‍ വെച്ചാണ് ആക്രമണം നടന്നത്. ബാലസുബ്രഹ്‌മണ്യന്‍ നടന്നുപോകുന്നതിനിടെ നാലിലധികം പേരടങ്ങുന്ന സംഘം ഇയാളെ തടഞ്ഞുനിര്‍ത്തി മാരകമായി മര്‍ദിച്ച ശേഷം കടന്ന് കളയുകയായിരുന്നു. ഇയാളെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.
പാര്‍ട്ടിയുടെ ജില്ലാ നോര്‍ത്ത് ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിച്ച മധുര സെല്ലൂര്‍ പികെഎസ് സ്ട്രീറ്റ് സ്വദേശിയാണ് സി.ബാലസുബ്രഹ്‌മണ്യന്‍. സുബ്രഹ്‌മണ്യന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും നിരവധിയാളുകളുമായി ഇയാള്‍ സാമ്പത്തികള്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും പോലിസ് അറിയിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ ജെ.ലോഗനാഥന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അതേസമയം സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് പതിവാവുകയാണ്. അടുത്ത കാലത്തായി മൂന്നാം തവണയാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട ഈ മൂന്ന് നേതാക്കളും പ്രതിപക്ഷത്തുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരായിരുന്നു. ജൂലൈ 5 നാണ് ചെന്നൈയില്‍ വെച്ച് ബിഎസ്പി തമിഴ്നാട് അധ്യക്ഷന്‍ കെ ആംസ്‌ട്രോങ് വെട്ടേറ്റ് മരിച്ചത്. ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗ സംഘം അദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ജൂലൈ മൂന്നിന് അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന എം ഷണ്‍മുഖം സേലത്ത് കൊല്ലപ്പെടുകയായിരുന്നു. പ്രദേശത്തെ അനധികൃത ലോട്ടറി വില്‍പനയ്ക്കും മയക്കുമരുന്ന് ഭീഷണിക്കുമെതിരെ പരാതി നല്‍കിയതിനാണ് കൊലപാതകമെന്ന് ഷണ്‍മുഖത്തിന്റെ ഭാര്യ എസ് പരമേശ്വരി പറഞ്ഞു.
