സിബിഐ ഡയറക്ടറായി നാഗേശ്വര റാവു ചുമതലയേറ്റു
സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആലോക് വര്‍മയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി മാറ്റിയതിനെ തുടര്‍ന്നാണ് റാവുവിന് ചുമതല നല്‍കിയത്.
ന്യൂഡല്‍ഹി: സിബിഐ താല്‍കാലിക ഡയറക്ടറായി എം നാഗേശ്വര റാവു ചുമതലയേറ്റു. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആലോക് വര്‍മയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി മാറ്റിയതിനെ തുടര്‍ന്നാണ് റാവുവിന് ചുമതല നല്‍കിയത്. 1986 ബാച്ച് ഒഡിഷ കേഡറിലെ ഐപിഎസ് ഓഫീസറാണ് നാഗേശ്വര റാവു.
ആലോക് വര്‍മയെ മാറ്റാനുള്ള തീരമാനത്തെ സെലക്ഷന്‍ കമ്മിറ്റിയിലെ പ്രതിപക്ഷ അംഗമായ കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ എതിര്‍ത്തിരുന്നു. അതേ സമയം സമിതിയില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജസ്റ്റിസ് എ കെ സിക്രി പ്രധാനമന്ത്രിയുടെ നിലപാടിനെ അനുകൂലിച്ചു. ഇന്നലെ, 2 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് തീരുമാനമെടുത്തത്.
ആലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നു മാറ്റി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഫയര്‍ സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്‌സ് എന്നിവയുട ഡയറക്റ്റര്‍ ജനറലായി നിയമിക്കുകയായിരുന്നു. എന്നാല്‍, സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ച ആലോക വര്‍മ സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ചിട്ടുണ്ട്.