മുത്തലാഖ് ബില്‍: ചര്‍ച്ചയില്‍ പങ്കെടുക്കാതെ അബ്ദുല്‍ വഹാബ് എംപി; മുസ്‌ലിം ലീഗ് വീണ്ടും പ്രതിരോധത്തില്‍

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്, എന്‍ഐഎ ഭേദഗതി ബില്‍ തുടങ്ങിയ വിഷയങ്ങളില്‍ എംപിമാര്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്കേല്‍പ്പിച്ച ആഘാതത്തില്‍നിന്ന് കരകയറുന്നതിന് മുമ്പാണ് പുതിയ വിവാദം തലപൊക്കിയിരിക്കുന്നത്. രാജ്യസഭയില്‍ മുത്തലാഖ് ബില്ല് പാസാക്കിയ ഇന്നലെ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കാന്‍ പേരുവിളിച്ച സമയത്ത് പാര്‍ട്ടിയുടെ ഏക രാജ്യസഭാംഗമായ പി വി അബ്ദുല്‍ വഹാബ് സഭയില്‍ ഹാജരാവാതിരുന്നതാണ് ചര്‍ച്ചയായിരിക്കുന്നത്.

Update: 2019-07-31 06:56 GMT

ന്യൂഡല്‍ഹി: മുസ്‌ലിം ലീഗ് എംപിമാര്‍ സഭയിലെടുക്കുന്ന സമീപനം പാര്‍ട്ടിയെയും അണികളെയും വീണ്ടും പ്രതിരോധത്തിലാക്കുന്നു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്, എന്‍ഐഎ ഭേദഗതി ബില്‍ തുടങ്ങിയ വിഷയങ്ങളില്‍ എംപിമാര്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്കേല്‍പ്പിച്ച ആഘാതത്തില്‍നിന്ന് കരകയറുന്നതിന് മുമ്പാണ് പുതിയ വിവാദം തലപൊക്കിയിരിക്കുന്നത്. രാജ്യസഭയില്‍ മുത്തലാഖ് ബില്ല് പാസാക്കിയ ഇന്നലെ വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കാന്‍ പേരുവിളിച്ച സമയത്ത് പാര്‍ട്ടിയുടെ ഏക രാജ്യസഭാംഗമായ പി വി അബ്ദുല്‍ വഹാബ് സഭയില്‍ ഹാജരാവാതിരുന്നതാണ് ചര്‍ച്ചയായിരിക്കുന്നത്.

ഉച്ചയ്ക്ക് 12 മണിമുതല്‍ നാലുമണിക്കൂര്‍ നേരമാണ് ചര്‍ച്ചയ്ക്കായി അനുവദിച്ചിരുന്നത്. എന്നാല്‍, വൈകീട്ട് അഞ്ചുമണി കഴിഞ്ഞും ചര്‍ച്ച തുടര്‍ന്നെങ്കിലും വഹാബ് സഭയിലെത്തിയില്ല. കശ്മീരില്‍നിന്നുള്ള നസീര്‍ അഹമ്മദ് ലവായിയുടെ പ്രസംഗത്തിനുശേഷമായിരുന്നു വഹാബിന്റെ ഊഴം. അധ്യക്ഷന്റെ ഇരിപ്പിടത്തിലുണ്ടായിരുന്ന ഭൂബനേശ്വര്‍ കലിത വഹാബിന്റെ പേര് വിളിച്ചെങ്കിലും അദ്ദേഹം തന്റെ ഇരിപ്പിടത്തിലില്ലെന്ന് മനസ്സിലാക്കിയ അധ്യക്ഷന്‍ മഹാരാഷ്ട്രയില്‍നിന്നുള്ള മജീദ് മേമനെ പ്രസംഗിക്കാന്‍ ക്ഷണിക്കുകയായിരുന്നു. നസീര്‍ അഹമ്മദും മജീദ് മേമനും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു. ചര്‍ച്ച അവസാനിപ്പിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മറുപടി പറയുന്ന സമയത്ത് വഹാബ് വീണ്ടും അവസരത്തിന് ശ്രമിച്ചെങ്കിലും അധ്യക്ഷന്‍ നല്‍കിയില്ല.

അതേസമയം, ബില്ലിനെതിരേ വോട്ടുചെയ്യുന്ന സമയത്ത് വഹാബ് സഭയില്‍ ഹാജരായിരുന്നു. നേരത്തെ, ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ദിവസം വഹാബും കുഞ്ഞാലിക്കുട്ടിയും സഭയില്‍ ഹാജരാവാതിരുന്നത് ലീഗിനെ വന്‍ പ്രതിരോധത്തിലാക്കിയിരുന്നു. കൂടാതെ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതി ബില്ലിന്‍മേലുള്ള വോട്ടെടുപ്പ് മുസ്‌ലിം ലീഗ് ബഹിഷ്‌കരിച്ചതും വിവാദമായി. നിയമം പാസാക്കിയ സമയത്ത് രാജ്യസഭയില്‍ വഹാബ് നടത്തിയ പരാമര്‍ശവും ലീഗിന് തലവേദന സൃഷ്ടിച്ചതാണ്.

ബില്ലിനെ താന്‍ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു വഹാബ് സഭയില്‍ പറഞ്ഞിരുന്നത്. വഹാബിന് ബിജെപി നേതാക്കളുമായുള്ള ബിസിനസ് ബന്ധങ്ങളും വിമര്‍ശനവിധേയമായിട്ടുണ്ട്. വഹാബിന്റെ ഡല്‍ഹിയിലെ പേഴ്‌സനല്‍ സ്റ്റാഫ് തന്നെയാണ് ബിജെപിയുടെ രാജ്യസഭാംഗമായ സുരേഷ് ഗോപി എംപിയുടെയും കാര്യങ്ങള്‍ നോക്കുന്നതെന്ന ആരോപണവും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍തന്നെ ഉയര്‍ത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി മുന്‍ എംപി കെ വി തോമസിന്റെ ഡല്‍ഹിയിലെ വസതിയില്‍വച്ച് മദ്യസല്‍ക്കാരം നടത്തിയതും നേരത്തെ വിവാദത്തിന് വഴിവച്ചിരുന്നു. 

Tags:    

Similar News