മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പീഡനം: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

''മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, അതിഥികളെ സന്തോഷിപ്പിച്ചാല്‍ നല്ല ഭക്ഷണം, അശ്ലീലഗാനങ്ങള്‍ക്ക് നൃത്തം ചെയ്യിക്കും...''

Update: 2019-01-07 07:52 GMT

പട്‌ന: ബിഹാറിലെ മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ ഞെട്ടിക്കുന്ന പീഡനവിവരങ്ങള്‍ പുറത്ത്. പ്രത്യേക പോക്‌സോ കോടതിയിലെ അഡീഷനല്‍ ജില്ലാ ജഡ്ജി ആര്‍പി തിവാരിക്ക് സിബിഐ സമര്‍പ്പിച്ച 73 പേജടങ്ങുന്ന കുറ്റപത്രത്തിലാണ് വിവരങ്ങളുള്ളത്. അഭയകേന്ദ്രത്തില്‍ അതിഥികളായെത്തിയവര്‍ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നു. മുഖ്യപ്രതിയായ ബ്രജേഷ് താക്കൂര്‍ കുട്ടികളെ നിര്‍ബന്ധിച്ച് ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിപ്പിച്ചു. അശ്ലീലച്ചുവയുള്ള ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യിച്ചു. അതിഥികള്‍ കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. അതിഥികളെ ലൈംഗികമായും മറ്റും സന്തോഷിപ്പിച്ചാല്‍ അവര്‍ക്ക് നല്ല ഭക്ഷണവും അല്ലാത്തവര്‍ക്ക് റൊട്ടിയും ഉപ്പുമാണ് രാത്രി നല്‍കുക. പീഡനം ചെറുക്കാന്‍ ശ്രമിച്ചാല്‍ മര്‍ദിക്കും.ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ പെണ്‍കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കും. കുട്ടികള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകളും നല്‍കിയിരുന്നു. ഇത്തരത്തില്‍ ബലാല്‍സംഗം ചെറുക്കുന്നതിനിടെ ഒരു പെണ്‍കുട്ടി കൊല്ലപ്പെടുകയും അഭയ കേന്ദ്രത്തില്‍ തന്നെ കുഴിച്ചിടുകയും ചെയ്തു എന്നിങ്ങനെയാണ് കുറ്റപത്രത്തില്‍ വിവരിക്കുന്നത്.

    കേസില്‍ ബ്രജേഷ് താക്കൂറും അഭയകേന്ദ്രത്തിലെ സ്റ്റാഫ് അംഗങ്ങളും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 20 പേരെയാണ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തിട്ടുള്ളത്. നേരത്തേ ലോക്കല്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. തുടര്‍ന്ന് ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ അന്വേഷണത്തിലാണ് ഉന്നതര്‍ ഉള്‍പ്പെട്ട പീഡന വിവരം പുറത്തായത്.അഭയകേന്ദ്രത്തിലെ 42 അന്തേവാസികളില്‍ 34 പേരും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതിക്ക് ബിഹാര്‍ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി മഞ്ജു വര്‍മയുമായി അടുത്ത ബന്ധമുള്ള കാര്യം പുറത്തുവന്നതോടെ മന്ത്രി രാജിവച്ചിരുന്നു.




Tags:    

Similar News