'രാജ്യത്തിന്റെ വിശ്വസ്തര്‍ എല്ലായിപ്പോഴും മുസ് ലിംങ്ങളാണ്, രാജ്യദ്രോഹികള്‍ സംഘികളും'; സോഷ്യല്‍ മീഡിയ പോസ്റ്റിട്ട മുസ് ലിം അധ്യാപികയെ സസ്പെന്റ് ചെയ്തു
ലഖ്നൗ: രാജ്യസ്നേഹം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റിട്ട ഉത്തര്‍പ്രദേശിലെ മുസ് ലിം അധ്യാപികയെ സസ്പെന്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രാ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ സേബാ അഫ്രോസ് എന്ന എല്‍പി സ്‌കൂള്‍ അധ്യാപികയെയാണ് സസ്പെന്റ് ചെയ്തത്. പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്. പോസ്റ്റില്‍ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ ഉണ്ടെന്നാരോപിച്ചാണ് സസ്പെന്‍ഷന്‍. 'രാജ്യത്തിന്റെ വിശ്വസ്തര്‍ എല്ലായിപ്പോഴും മുസ് ലിംങ്ങളാണ്. രാജ്യദ്രോഹികള്‍ സംഘികളും' എന്നാണ് പോസ്റ്റിലെ പരാമര്‍ശം.
ആഗ്രയിലെ ഗുല്‍ഫാം എന്ന മുസ് ലിം യുവാവിനെ കൊലപ്പെടുത്തിയതിനെയും അവര്‍ പോസ്റ്റില്‍ അപലപിക്കുന്നുണ്ട്.മുസ് ലിംങ്ങളുടെ ദേശസ്നേഹത്തെ എപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു. അതിനെ പ്രതിരോധിക്കേണ്ടിവരുന്നു എന്നും പോസ്റ്റില്‍ പറയുന്നു. സേബയുടെ സസ്പെന്‍ഷന്‍ അന്യായമാണെന്ന് സഹപ്രവര്‍ത്തകരും നിയമ വിദഗ്ധരും ചൂണ്ടികാട്ടി. 12 വര്‍ഷത്തെ മികച്ച റെക്കോര്‍ഡുള്ള സേബയ്ക്കെതിരേയുള്ള നടപടി അന്യായമാണെന്ന് സഹപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ മുസ് ലിംങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമില്ലെന്നും മറ്റുള്ളവര്‍ മുസ് ലിംങ്ങളെ രാജ്യദ്രോഹികള്‍ എന്ന് പറയുമ്പോള്‍ അവര്‍ക്കെതിരേ ആരും നടപടി സ്വീകരിക്കുന്നില്ലെന്നും മറ്റൊരു അധ്യാപകന്‍ ചൂണ്ടികാട്ടി.