തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു; സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്ന് മുസ്‌ലിം നേതാക്കള്‍

കേന്ദ്രസര്‍ക്കാരില്‍നിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചെങ്കിലും മുസ്‌ലിം പ്രതിനിധികള്‍ വഴങ്ങിയില്ല. നിയമസഭയില്‍ പ്രമേയം പാസാക്കുന്നതുവരെ കുത്തിയിരിപ്പ് സമരം തുടരുമെന്ന് അവര്‍ ഐക്യകണ്‌ഠേന അറിയിച്ചു.

Update: 2020-03-15 10:12 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടത്തിവരുന്ന പ്രതിഷേധസമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനാ നേതാക്കളുമായി ചീഫ് സെക്രട്ടറി കെ ഷണ്‍മുഖം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സിഎഎയ്‌ക്കെതിരേ ശക്തമായ സമരവുമായി മുന്നോട്ടുപോവുമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരേ തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌നാട് ജമാഅത്തുല്‍ ഉലമ സബായ് പ്രസിഡന്റ് മൗലാന മൗലവി പി എ കാജാ മൊയ്‌നുദ്ദീന്‍ ബാഖഫിയുടെ നേതൃത്വത്തില്‍ വിവിധ മുസ്‌ലിം സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഫെഡറേഷനും സംയുക്തമായി കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

ചീഫ് സെക്രട്ടറിയുമായുള്ള ചര്‍ച്ചയിലും ഇതുസംബന്ധിച്ച് ഉറപ്പുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് സമരത്തില്‍നിന്ന് പിന്‍മാറില്ലെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാരില്‍നിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചെങ്കിലും മുസ്‌ലിം പ്രതിനിധികള്‍ വഴങ്ങിയില്ല. നിയമസഭയില്‍ പ്രമേയം പാസാക്കുന്നതുവരെ കുത്തിയിരിപ്പ് സമരം തുടരുമെന്ന് അവര്‍ ഐക്യകണ്‌ഠേന അറിയിച്ചു. ഡല്‍ഹിയിലെ ശാഹീന്‍ബാഗ് മാതൃകയില്‍ സ്ത്രീകളും പുരുഷന്‍മാരും കുട്ടികളും അടക്കം ഫെബ്രുവരി 14ന് ചെന്നൈയിലെ വാഷര്‍മാന്‍പെട്ടില്‍ ആരംഭിച്ച സമരം സംസ്ഥാനം മുഴുവന്‍ വ്യാപിക്കുകയായിരുന്നു.

നേരത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ സന്ദര്‍ശിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ മുസ്‌ലിം നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയ മുഖ്യമന്ത്രി, പ്രമേയം പാസാക്കാന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് സ്റ്റാലിനോട് നിയമസഭയില്‍ വ്യക്തമാക്കിയത്. ഇതിനുശേഷം സിഎഎയെക്കുറിച്ചുള്ള മുസ്‌ലിംകളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും സമരം പിന്‍വലിക്കണമെന്നും ആവശ്യപ്പെടുന്നതിനായാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചത്. 1.45 മണിക്കൂര്‍ സമയം യോഗം നീണ്ടു. സിഎഎയ്‌ക്കെതിരായ സമരത്തിനൊപ്പം സംസ്ഥാനത്ത് സിഎഎയെ അനുകൂലിക്കുന്നവരുടെ പ്രകടനങ്ങള്‍ നടക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ സമാധാനത്തിന് ഭീഷണിയുണ്ടാക്കുമെന്നും സമരത്തില്‍നിന്ന് പിന്‍മാറണമെന്നും ചീഫ് സെക്രട്ടറി യോഗത്തില്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ മുസ്‌ലിം നേതാക്കള്‍ യോഗത്തില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളടക്കം മുഖ്യമന്ത്രിക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ് കെ പ്രഭാകര്‍, ഡിജിപി എല്‍ കെ ത്രിപാഠി, ചെന്നൈ സിറ്റി പോലിസ് കമ്മീഷണര്‍ എ കെ വിശ്വനാഥന്‍, ഇന്റലിജന്‍സ് ഐജി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, മുസ്‌ലിം സംഘടനകളെ പ്രതിനിധീകരിച്ച് മാനിതനേയ മക്കള്‍ കച്ചി പ്രസിഡന്റ് പ്രഫ. ജവാഹിറുല്ലാ, ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്, മുസ്‌ലിം ലീഗ് അംഗവുമായ എ എസ് ഫാത്തിമ മുസഫര്‍, മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അബൂബക്കര്‍, ഫെഡറേഷന്‍ കോ-ഓഡിനേറ്റര്‍ മന്‍സൂര്‍ കാഷിഫി, ഐഎന്‍എല്‍ നേതാവ് ബഷീര്‍, എസ്ഡിപിഐ പ്രസിഡന്റ് നെല്ലായ് മുബാറഖ്, ഇന്ത്യന്‍ തൗഹീദ് ജമാഅത്ത് പ്രസിഡന്റ് എസ് എം ബേക്കര്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് മുനീര്‍, യഗത്വ മുസ്‌ലിം ജമാഅത്ത് നേതാവ് അല്‍താഫി, സ്റ്റേറ്റ് ജമാത്തുല്‍ ഉലമ സബായ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടികളെ പ്രതിനിധീകരിക്കുന്നവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Tags: