വിദ്യാര്‍ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകം; ബംഗ്ലാദേശില്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ വസതിയിലേക്ക് അതിക്രമിച്ചു കയറാന്‍ പ്രതിഷേധക്കാരുടെ ശ്രമം
ധാക്ക: വിദ്യാര്‍ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്ന് ആരംഭിച്ച കലാപം ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. രാജ്യത്ത് വ്യാപകമായ അക്രമസംഭവങ്ങള്‍ തുടരുകയാണ്. ധാക്കയില്‍ ജനക്കൂട്ടം തെരുവിലിറങ്ങി അക്രമം നടത്തുകയും പ്രധാന പത്രങ്ങളുടെ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ചിറ്റഗോങ്ങില്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ വസതിയിലേക്ക് അതിക്രമിച്ചു കയറാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചു. രാജ്ഷാഹിയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയും ആക്രമണമുണ്ടായി. ബുധനാഴ്ച മുതല്‍ ബംഗ്ലാദേശില്‍ 'ഇന്ത്യ വിരുദ്ധ' പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ബുധനാഴ്ച ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച നൂറുകണക്കിന് ആളുകളെ തടഞ്ഞു. വ്യാഴാഴ്ച ഖുല്‍നയിലും രാജ്ഷാഹിയിലും ഉള്ള ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷനുകളിലേക്ക് നീങ്ങാന്‍ ശ്രമിച്ച വലിയ ജനക്കൂട്ടത്തെയും തടഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ബംഗ്ലാദേശില്‍ ആക്രമണമുണ്ടായി. രാജ്യത്തെ പ്രമുഖ പത്രങ്ങളായ ദി ഡെയ്ലി സ്റ്റാര്‍, പ്രോതോം അലോ എന്നിവയുടെ ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ആക്രമണ ഭീഷണി തുടരുന്നതിനാല്‍ പത്രങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ധാക്കയില്‍ നിന്ന് ബംഗ്ലാദേശിലെ വിവിധ നഗരങ്ങളിലേക്ക് കലാപം വ്യാപിക്കുന്ന അവസ്ഥയാണുള്ളത്.
32കാരനായ ഷെരീഫ് ഉസ്മാന്‍ ഹാദി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിനും അവരുടെ ഇന്ത്യയിലേക്കുള്ള പലായനത്തിനും കാരണമായ പ്രതിഷേധങ്ങളില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു. കഴിഞ്ഞയാഴ്ച ഒരു റാലിയില്‍ വെച്ച് മുഖംമൂടി ധരിച്ച അക്രമികള്‍ ഹാദിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹാദിയെ ചികിത്സയ്ക്കായി സിങ്കപ്പൂരിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.
