ഗായകന്‍ മൂസ് വാലയുടെ കൊലപാതകം; ഷാര്‍പ്പ് ഷൂട്ടര്‍മാരായ രണ്ടു പേര്‍ അറസ്റ്റില്‍

ഷാര്‍പ്പ് ഷൂട്ടര്‍മാരായ പ്രിയവ്രത് ഫൗജി, കാശിഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. ഗുജറാത്തിലെ മുന്ദ്രയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

Update: 2022-06-20 19:12 GMT

ഡല്‍ഹി: പഞ്ചാബി ഗായകന്‍ സിദ്ദു മൂസ് വാലയുടെ കൊലപാതകത്തില്‍ രണ്ടു പേരെ ഡല്‍ഹി പോലിസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഷാര്‍പ്പ് ഷൂട്ടര്‍മാരായ പ്രിയവ്രത് ഫൗജി, കാശിഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. ഗുജറാത്തിലെ മുന്ദ്രയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഹരിയാന ആസ്ഥാനമായുള്ള ഗുണ്ടാസംഘത്തില്‍ അം ഗങ്ങളാണ് ഇവര്‍. രാം കരണ്‍ എന്നയാളാണ് ഈ ഗുണ്ടാസംഘത്തിലെ തലവന്‍.

മൂസ് വാല കൊല്ലപ്പെടുന്ന ദിവസം പ്രിയവ്രത് ഫൗജി ഒരു ഗുണ്ടാത്തലവനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ രണ്ട് കൊലപാതക കേസുകള്‍ ഉണ്ടായിരുന്ന ഫൗജി 2015ല്‍ അറസ്റ്റിലായിരുന്നു.

ഫൗജിയോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട കാശിഷ് 2021 ലെ കൊലപാതക കേസില്‍ പ്രതിയാണ്. മൂസ് വാലയ്ക്ക് നേരെ വെടിയുതിര്‍ത്ത സംഘത്തിലും ഇയാള്‍ ഉണ്ടായിരുന്നു. ഈ സംഘത്തെ നയിച്ചത് ഫൗജി ആണെന്നാണ് പോലിസ് പറയുന്നത്. ഇതേ സംഘത്തിലുണ്ടായിരുന്ന സന്തോഷ് ജാദവ് എന്നയാളെ ജൂണ്‍ 18ന് പോലിസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് 13 അനധികൃത പിസ്റ്റളുകളും എട്ട് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. സംഘത്തിലെ എട്ടോളം പേരെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

മെയ് 29 ന് പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വെച്ചാണ് ഗായകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സിദ്ദു മൂസ് വാലയെ ഒരു സംഘം ഗുണ്ടകള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മൂസ് വാലയുടെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. റഷ്യന്‍ നിര്‍മ്മിത എഎന്‍94 തോക്ക് വെച്ചാണ് അക്രമകാരികള്‍ ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോള്‍ഡി ബ്രാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ മൂസ് വാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.